പന്തളത്ത് ഓപ്പറേഷന്‍ തൂഫാനിടെ കോടികള്‍ വിലയുള്ള തിമിംഗല ദഹനാവശിഷ്ടം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവല്ലയില്‍ വില്‍ക്കാന്‍ പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.

പന്തളം വലിയപാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസിനെ കണ്ട് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ജീപ്പ് കുറുകെയിട്ടാണ് പിടികൂടിയത്. കൊട്ടാരക്കര സ്വദേശികളായ രാജീവ്, സോമന്‍ എന്നിവരാണ് പിടിയിലായത്.പിടിച്ചെടുത്ത ആംബര്‍ഗ്രീസിന് ആറ് കിലോ തൂക്കംവരും. ജില്ലയില്‍ ആംബര്‍ഗ്രീസ് കച്ചവടമുണ്ടെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പന്തളം പൊലീസും ജില്ലാ ഡാന്‍സാഫ് ടീമും പരിശോധനയില്‍ പങ്കെടുത്തു. അഞ്ച് വര്‍ഷം മുന്‍പ് പ്രതി രാജീവ് ലക്ഷദ്വീപില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് ആംബര്‍ഗ്രീസ് എന്നാണ് മൊഴി.

തിരുവല്ലയില്‍ ഒരു സംഘത്തിന് കൈമാറാനായി കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. പിടിലായ പ്രതികളേയും ആംബര്‍ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വനംവകുപ്പാണ് കേസെടുക്കലും റിമാന്‍ഡും അടക്കം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിമിംഗലം അടക്കമുള്ള ജീവികളും വനംവകുപ്പിന്‍റെ പരിധിയിലാണ് വരുന്നത്.

ENGLISH SUMMARY:

Operation Toofan led to the seizure of whale ambergris worth crores in Pandalalam, with two individuals arrested while attempting to sell it in Thiruvalla. This significant catch highlights the ongoing illegal trade of rare marine products in the region.