• ചെന്താമര കേസില്‍ പ്രധാനസാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പൊലീസ് സംഘവും പ്രോസിക്യൂഷനും എടുത്ത മുന്‍കരുതലുകള്‍ കേസില്‍ വഴിത്തിരിവായി. ഗൂഗിള്‍ ടൈംലൈനും മോക് വിചാരണയും മറ്റ് തയാറെടുപ്പുകളും അന്തിമവിധിയില്‍ വഹിച്ച പങ്ക്.

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കൊലക്കയര്‍ വാങ്ങിക്കൊടുത്ത അന്വേഷണസംഘത്തിന്‍റെ മികവിനെ അഭിനന്ദിച്ചായിരുന്നു വിചാരണക്കോടതി ജഡ്ജി വിധി പ്രസ്താവം തുടങ്ങിയത്. ഡിഐജി മുതല്‍ അന്വേഷണഉദ്യോഗസ്ഥരും പ്രോസിക്യൂഷന്‍ വിഭാഗവും ഉള്‍പ്പെടെ കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കേസിന്‍റെ ഗതിയില്‍ നിര്‍ണായകമായി. ദൃക്സാക്ഷിയടക്കം കൂറുമാറിയിട്ടും കേസ് ദുര്‍ബലമാകാതിരുന്നത് അന്വേഷണസംഘത്തിന്‍റെ മുന്‍കരുതലും തയാറെടുപ്പുകളും ശാസ്ത്രീയ തെളിവുശേഖരണവും കാരണമായിരുന്നു.

ഗൂഗിള്‍ ടൈംലൈന്‍ സാക്ഷി!

കേസ് റജിസ്റ്റര്‍ ചെയ്ത് 28–29 ദിവസം കൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. ചെന്താമരയെ ഭയന്ന് ദൃക്സാക്ഷികളാരും മുന്നോട്ടുവരാന്‍ തയാറായിരുന്നില്ല. ഒടുവില്‍ സംഭവം നേരില്‍ക്കണ്ട ഗിരീഷ് മൊഴി നല്‍കാന്‍ സമ്മതിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 164 (ഇന്നത്തെ BNS 183) അനുസരിച്ച് മജിസ്ട്രേറ്റിന്‍റെ മുന്നിലെത്തിച്ചാണ് അന്വേഷണസംഘം ഗിരീഷിന്‍റെ മൊഴി രേഖപ്പെടുത്തിയത്. വിചാരണ നീണ്ടുപോയാല്‍ സാക്ഷി കൂറുമാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ആ നീക്കം. വിചാരണക്കിടെ ഗിരീഷ് കൂറുമാറുകയും ചെയ്തു. ചെന്താമരയുടെ ജ്യേഷ്ഠന്‍ രാധാകൃഷ്ണന്‍, അദ്ദേഹത്തിന്‍റെ ഭാര്യ, അയല്‍വാസി പൊന്നു എന്നീ സാക്ഷികളുടെ കൂറുമാറി.

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

എന്നാല്‍ പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടെയും മൊഴികള്‍ പൊലീസ് മജിസ്ട്രേറ്റിനുമുന്നിലാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഈ സാക്ഷികളുടെയെല്ലാം ഗൂഗിള്‍ ടൈംലൈന്‍ എടുത്ത് അതിലെ ഗ്രിഡ് റഫറന്‍സ് വച്ച് അക്ഷാംശവും രേഖാംശവും (Latitude and Longitude) അനുസരിച്ചുള്ള കൃത്യമായ ലൊക്കേഷന്‍ മാപ്പ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സാക്ഷികള്‍ കൂറുമാറിയാലും ഇക്കാര്യങ്ങള്‍ വച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് സംഘത്തോട് പറഞ്ഞത് അന്നത്തെ എസ്പി അജിത്കുമാറായിരുന്നു. കോടതിയില്‍ ചോദ്യങ്ങളുണ്ടായപ്പോള്‍ ഇത് വലിയതോതില്‍ ഗുണം ചെയ്തു.

ചാറ്റ് ജിപിടി Vs മോക് ട്രയല്‍

ചെന്താമരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വിചാരണയില്‍ പ്രോസിക്യൂഷനെ വീഴ്ത്താനുള്ള ചോദ്യങ്ങള്‍ തയാറാക്കിയത്. എന്നാല്‍ വിചാരണയുടെ ഓരോ ഘട്ടത്തിലും നേരിടാന്‍ സാധ്യതയുള്ള ചോദ്യങ്ങളെക്കുറിച്ച് പൊലീസും പ്രോസിക്യൂഷനും മുന്‍കൂട്ടി തയാറെടുപ്പ് നടത്തിയിരുന്നു. അന്നത്തെ ഡിഐജി ഹരിശങ്കര്‍ 2025 ഫെബ്രുവരി 3ന് പാലക്കാട് ഡിപിഒയില്‍ വച്ച് ഒരു മോക് ട്രയല്‍ (വിചാരണയുടെ മാതൃക) നടത്തി. ഹരിശങ്കര്‍ തന്നെ പ്രതിഭാഗം വക്കീലായെത്തി. ജഡ്ജിയായി എസ്പി അജിത് കുമാറും ഇരുന്നു. മോക് ട്രയലില്‍ അവര്‍ ചോദിച്ചതിനപ്പുറം കാര്യമായ ചോദ്യങ്ങളൊന്നും കോടതിയില്‍ നേരിടേണ്ടിവന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ മുന്‍ ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ മികച്ച പ്രോസിക്യൂഷന്‍ വിങ്ങുകളിലൊന്നായ പാലക്കാട്ടെ പ്രോസിക്യൂഷന്‍ വിഭാഗവും സാക്ഷികളെ എത്തിക്കുന്നതിലും വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.

ചെന്താമരയുടെ പ്രത്യേകതകള്‍

ചെന്താമര എന്ന കുറ്റവാളിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ ആഴത്തില്‍ മനസിലാക്കി കുറ്റകൃത്യത്തിന്‍റെ വ്യാപ്തി ബോധ്യപ്പെടുത്താന്‍ പര്യാപ്തമായ രീതിയില്‍ അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിലും അന്വേഷണസംഘം മികവുപുലര്‍ത്തി. ചെന്താമര ഇടംകയ്യനാണോ വലംകയ്യനാണോ എന്ന ചോദ്യത്തിനും മാനസികാരോഗ്യത്തിന് ചികില്‍സ തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിനുമെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് തെളിവുകളും ശേഖരിച്ച് ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഉത്തരം നല്‍കിയത്. ചെന്താമര ഇടംകയ്യനായിരുന്നു. മാനസികാരോഗ്യത്തിന് ചികില്‍സ തേടിയിട്ടുമില്ലായിരുന്നു.

ചെന്താമര കൊലപ്പെടുത്തിയ നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരനും അമ്മ ലക്ഷ്മിയും

ഈ വസ്തുതകള്‍ക്കൊപ്പം വെറും 15 ദിവസം കൊണ്ട് തൃശൂര്‍ പൊലീസ് അക്കാദമിയിലെ റീജണല്‍ ഫൊറന്‍സിക് ലാബില്‍ നിന്ന് ഡിഎന്‍എ സാംപിള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ചു. ഇതെല്ലാം മറ്റ് തെളിവുകള്‍ക്കൊപ്പം ചേര്‍ന്നതോടെ ‘വാട്ടര്‍ ടൈറ്റ്’ കേസ് ആയി. കോടതിയിലെ പെരുമാറ്റവും പ്രസ്താവനകളും കൂടിയായതോടെ ചെന്താമരയ്ക്ക് വധശിക്ഷ വിധിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ‍്ജിക്ക് ഒരുപാട് പ്രയാസപ്പെടേണ്ടിവന്നില്ല. സമൂഹത്തിന് ആപത്തായ കുറ്റവാളിയാണ് ചെന്താമര എന്നും പരിവര്‍ത്തനത്തിനുള്ള സാധ്യത ഇല്ലെന്നും ബോധ്യപ്പെട്ടതോടെ പരമാവധി ശിക്ഷ തന്നെ വിധിച്ചു.

Google Timeline, AI Defense & Mock Trials: Inside Kerala Police’s Masterplan to Convict Chenthamara:

In the Nenmara twin murder case, the trial court praised the police and prosecution for their meticulous, scientific investigation that ultimately led to the death penalty for the accused, Chenthamara. Anticipating that key witnesses might turn hostile due to fear, the investigation team recorded their statements before a magistrate and corroborated them with location data from Google Timeline. To counter defense tactics—including questions generated via ChatGPT—the police team conducted a detailed mock trial led by top officials to prepare for the court proceedings. Supported by rapid forensic DNA reports and medical evidence regarding the accused’s traits, the prosecution presented a airtight case that left no doubt regarding Chenthamara's guilt.