ചെന്താമരയെ വധശിക്ഷക്ക് വധിച്ചതോടെ ഇനി ഒരിക്കലും ചെന്താമരയുടെ ഭീഷണിയും ശല്യവുമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കള്‍. മക്കള്‍ക്ക് സംരക്ഷണം ഒരുക്കുക സര്‍ക്കാരിന്‍റെ കടമ്പയാണെന്ന് കോടതി തന്നെ ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ വധശിക്ഷ വിധിച്ചതുകൊണ്ട് ചെന്താമരയുടെ ജീവിതം അവസാനിച്ചെന്ന് അര്‍ത്ഥമില്ല. വിചാരണക്കോടതി വിധിച്ച വധശിക്ഷ അന്തിമവുമല്ല. ഇനിയുമുണ്ട് വര്‍ഷങ്ങള്‍ നീളുന്ന കടമ്പകള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളിയെ ഉടന്‍ തന്നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ചെന്താമരയെ വിയ്യൂരിലേക്കോ കണ്ണൂരിലേക്കോ ആവും മാറ്റുക. ജയിലിലെത്തുന്ന ആദ്യ ഘട്ടത്തില്‍ തന്നെ വധശിക്ഷ എന്ന വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകുന്നുണ്ടോയെന്ന് കുറ്റവാളിയോട് ജയില്‍ അധികൃതര്‍ ചോദിക്കും.
സ്വന്തം നിലയില്‍ പോകുന്നുണ്ടങ്കില്‍ അങ്ങനെയാവാം. അതല്ല, സ്വന്തമായി അപ്പീല്‍ നല്‍കാന്‍ കഴിവില്ലങ്കില്‍ ജയില്‍ വകുപ്പ് തന്നെ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി അപ്പീലിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഏറ്റവും ആദ്യം അപ്പീല്‍ നല്‍കേണ്ടത് ഹൈക്കോടതിയിലാണ്. DSR അഥവാ ഡെത്ത് സെന്റന്‍സ് റിവ്യൂ പെറ്റീഷന്‍ എന്നാണ് അതിന് പറയുന്നത്. പരിഗണിച്ച ശേഷം ഹൈക്കോടതി പ്രധാനമായും നാല് പഠന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും. 1)പ്രതിയുടെ കുടുംബ–സാമൂഹ്യ സാഹചര്യം, വധശിക്ഷ നടപ്പാക്കിയാല്‍ കുടുംബത്തിലുണ്ടാകുന്ന ആഘാതം ഇവിയെല്ലാം വിശദമായി പഠിച്ച് സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം, 2)കുറ്റവാളിയുടെ ജയിലിലെ സ്വഭാവം, പശ്ചാത്താപത്തിനും തിരുത്തലിനുമുള്ള സാഹചര്യമുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം. 3)കുറ്റവാളിയെ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ സംഘം ആരോഗ്യ–മാനസിക നിലയേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം. 4)ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രോജക്ട് 39 എന്ന ഏജന്‍സിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ഈ റിപ്പോര്‍ട്ടുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് ഉറപ്പിക്കാമോയെന്നുള്ള നിയമവശവും പരിഗണിച്ചായിരിക്കും ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക ഹൈക്കോടതി വധശിക്ഷ ശരിവച്ചാലും നടപടി അവസാനിക്കില്ല. കുറ്റവാളിക്ക് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതി തീരുമാനം എതിരായാല്‍ ഗവര്‍ണര്‍ക്കും ഗവര്‍ണര്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കാം. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയാല്‍ അതിനെതിരെ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. അവിടെയും വധശിക്ഷ ശരിവച്ചാല്‍ മാത്രമേ വധശിക്ഷയ്ക്ക് അന്തിമ അംഗീകാരമാകു.
കേരളത്തിലെ തൂക്കുമരം കേരളത്തില്‍ കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് കഴുമരം എന്നൊക്കെ നമ്മള്‍ പറയുന്ന തൂക്കിലേറ്റാനുള്ള സംവിധാനമുള്ളു. ജയില്‍വളപ്പില്‍ തന്നെയുള്ള പ്രത്യേക ഇരുട്ടുമുറിയാണത്. 1978ല്‍ അളകേശന്‍ എന്നയാളെ തൂക്കിലേറ്റിയതാണ് പൂജപ്പുരയില്‍ അവസാനമായി നടന്ന വധശിക്ഷ. 1991 ജൂലൈ 6ന് റിപ്പര്‍ ചന്ദ്രനെന്ന കൊലപാതകിയെ കണ്ണൂരില്‍ വെച്ച് തൂക്കിലേറ്റിയ ശേഷം അതുപയോഗിച്ചിട്ടേയില്ല.