നദിക്കരയില്‍ വച്ച് അഗ്നിക്കിരയായ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി മരണപ്പെട്ടു. ജൂലൈ 19നാണ് പെണ്‍കുട്ടിയെ ശരീരമാസകലം പൊള്ളലുമായി ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഒഡിഷയിലെ പുരിയിലാണ് 15കാരി മരണപ്പെട്ടത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സാധിക്കുന്നതെല്ലാം ചെയ്തു. ഇപ്പോഴെത്തുന്ന മരണവാര്‍ത്ത വലിയ സങ്കടമാണുണ്ടാക്കുന്നത്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന സഹായമെല്ലാം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി.
ബാലങ്കയില്‍ ഭാര്‍ഗവി നദിക്കരയില്‍ വച്ചാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പിപ്പിലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചത്. ഇവിടെ നിന്ന് ഭുവനേശ്വര്‍ എയിംസിലേക്ക് കൊണ്ടുപോയി. പിറ്റേദിവസം ഡല്‍ഹി എയിംസിലേക്ക് പെണ്‍ുകുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്തു. ഇവിടെ വച്ച് പല ശസ്ത്രക്രിയകളും നടത്തിയിരുന്നു.
കൂട്ടുകാരിയുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് നദിക്കരയില്‍ വച്ച് കത്തിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ ആരോപണം നിഷേധിക്കുകയാണ്. ‘ഈ മോശം സമയത്ത് എന്‍റെ മകളുടെ മരണംവച്ച് രാഷ്ട്രീയം കളിക്കരുത്. സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു. എന്‍റെ മകള്‍ കടുത്ത വിഷാദത്തിലായിരുന്നു’ എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചിരിക്കുന്നത്.
എങ്ങനെയാണ് പെണ്‍കുട്ടി അഗ്നിക്കിരയായത് എന്ന വിവരം ഒഡിഷ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിക്കുന്നതിന്‍റെ തലേദിവസം ഒഡിഷ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലെ വിവരങ്ങളും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണമാണ് നടത്തിയത് എന്നാണ് പൊലീസിന്‍റെ വാദം. അന്വേഷണം അവസാനഘട്ടത്തിലായിരുന്നു. പെണ്‍കുട്ടി അഗ്നിക്കിരയായതില്‍ മറ്റൊരാളുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കരുതെന്നും പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ഒഡിഷ പൊലീസ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിട്ടുണ്ട്.