ഇന്തോനേഷ്യയില്‍ കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഗര്‍ഭിണിയടക്കം 15 സ്ത്രീകളുടെയും 7 പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള ഏഴുനിലക്കെട്ടിടത്തിനാണ് ഉച്ചയോടെ തീപിടിച്ചത്. ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന ഡ്രോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. അതണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തീ മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
കണ്‍സ്ട്രക്ഷന്‍, മൈനിങ്, കാര്‍ഷിക മേഖലകള്‍ക്കാവശ്യമായ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന ടെറാ ഡ്രോണ്‍ ഇന്തോനേഷ്യ എന്ന കമ്പനിയുടെ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ജാപ്പനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ടെറ ഡ്രോണ്‍ കോര്‍പറേഷന്‍റെ ഇന്തോനേഷ്യന്‍ ഉപസ്ഥാപനമാണിത്. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു തീപിടിത്തം. പൊള്ളലേറ്റും പുകനിറഞ്ഞ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്. ചിലര്‍ ഗ്ലാസുകള്‍ പൊട്ടിച്ച് പുറത്തുചാടി രക്ഷപെട്ടു. ഒട്ടേറെപ്പേര്‍ കുടുങ്ങിപ്പോയി.
ഡസന്‍ കണക്കിന് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചത്. മരിച്ച പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പോളിത്തീന്‍ ഷീറ്റുകളില്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോംപാസ് ടിവി സംപ്രേഷണം ചെയ്തു.
അപകടത്തെക്കുറിച്ച് ടെറാ ഡ്രോണ്‍ ഇന്തോനേഷ്യയോ ടെറ ഡ്രോണ്‍ കോര്‍പറേഷനോ പ്രതികരിച്ചിട്ടില്ല. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് പൊലീസും അഗ്നിശമനസേനയും നല്‍കുന്ന സൂചന.