ആലപ്പുഴപള്ളാത്തുരുത്തിയിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് രാവിലെ ആറരയോടെ പൂന്തിരം ഭാഗത്താണ് സംഭവം. 'അനാഹിത', 'കാതറൈൻ' എന്നീ ബോട്ടുകൾക്കാണ് തീപിടിച്ചത്. ഇതിൽ ഒരു ബോട്ട് കത്തിയതിനെത്തുടർന്ന് വെള്ളത്തിലേക്ക് താഴ്ന്നുപോയി.

അപകടസമയത്ത് ഒരു ബോട്ടിൽ ഉത്തരേന്ത്യക്കാരായ നാല് യാത്രക്കാരുണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഇവർ കരയിലേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആറ് ബെഡ്റൂമുകളുള്ള ഒരു ബോട്ടും നാല് ബെഡ്റൂമുകളുള്ള മറ്റൊരു ബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. ഒരു ബോട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിത്തത്തിന് കാരണമായത്. ഈ ബോട്ടിൽ നിന്ന് തീ തൊട്ടടുത്തുള്ള ബോട്ടിലേക്ക് പടരുകയായിരുന്നു.

ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് അഗ്നിശമന സേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തെ അല്പം വൈകിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ബോട്ട് ഉടമകൾക്ക് സംഭവിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Houseboat fire Alappuzha resulted in two houseboats being completely destroyed due to a cooking gas cylinder leak. Fortunately, a major tragedy was averted as four North Indian tourists on one of the boats managed to disembark safely.