ജി സുധാകരന്റെ നീക്കങ്ങളിൽ ആശങ്കയോടെ സിപിഎം. ഏതുവിധേനയും സുധാകരൻ പാർട്ടി വിടുന്നത് ഒഴിവാക്കണമെന്ന തീരുമാനത്തിലായിരുന്നു മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും. ഇന്നലെ രാത്രി സുധാകരന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോടും മുതിർന്ന നേതാക്കളോടും "ആലോചിക്കാം" എന്ന മറുപടിയിൽ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് തന്റെ വീട്ടിൽ വെച്ച് നടത്തുന്ന വാർത്താസമ്മേളനത്തിൽ സുധാകരൻ നിർണ്ണായക പ്രഖ്യാപനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. പത്രസമ്മേളനത്തിന് തൊട്ടുമുമ്പു വരെ അനുരഞ്ജന ശ്രമങ്ങൾ തുടർന്നേക്കും. 

അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. യു.ഡി.എഫുമായി നേരിട്ടുള്ള സഖ്യത്തേക്കാൾ, കെ.കെ. രമയുടെ മാതൃകയിൽ സ്വതന്ത്രനായി മത്സരിക്കുകയും യു.ഡി.എഫ് പുറത്തുനിന്ന് പിന്തുണ നൽകുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം പരിഗണിക്കുന്നത്. സുധാകരൻ മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ് പിന്തുണയ്ക്കും എന്ന കാര്യത്തിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്.

സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ മണ്ഡലത്തിൽ പരിഗണിച്ചിരുന്ന എം. ലിജുവിനെ തൃപ്പൂണിത്തറ ഉൾപ്പെടെയുള്ള മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റാനാണ് കോൺഗ്രസ് ആലോചന. സുധാകരനെപ്പോലൊരു അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവിന്റെ വരവ് ജില്ലയിൽ മാത്രമല്ല, സംസ്ഥാനവ്യാപകമായി എൽ.ഡി.എഫിന് വലിയ തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള സുധാകരന്റെ വ്യക്തിപരമായ സൗഹൃദവും ഈ നീക്കങ്ങൾക്ക് വേഗത കൂട്ടുന്നു.

സുധാകരൻ പാർട്ടി വിടുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിട്ടും ഫലം കാണാത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സുധാകരൻ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചാൽ അദ്ദേഹത്തിന്റെ സഹോദരൻ ജി. പവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിനൊപ്പം അദ്ദേഹം കൈകോർത്തു എന്ന വൈകാരികമായ പ്രതിരോധം ഉയർത്താനാണ് സി.പി.ഐ.എം നീക്കം. എന്നാൽ കഴിഞ്ഞ കുറേ കാലമായി പാർട്ടിയിൽ നിന്ന് താൻ നേരിടുന്ന അവഗണനയും പരിഹാസവും സുധാകരൻ ഉയർത്തിക്കാട്ടിയാൽ അത് പാർട്ടിയെ പ്രതിരോധത്തിലാക്കും.

ENGLISH SUMMARY:

CPM political crisis is deepening as reconciliation efforts for Sudhakaran's potential party exit have failed, causing significant concern within the party leadership. The CPM leadership is anxious about the implications of Sudhakaran potentially running as an independent candidate with UDF support, which could become a statewide discussion and a setback for the party.