ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമനടപടികള്‍ നേരിടുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്‍റെ കാരണം വിശദീകരിക്കണമെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ നേതൃത്വമാണ് നോട്ടിസ് നല്‍കിയത്. തപാലില്‍ അയച്ച് നല്‍കിയ നോട്ടിസില്‍ വിശദീകരണത്തിന് ശേഷം നടപടിക്ക് സാധ്യതയെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
കോന്നി മുന്‍ എംഎല്‍എയായ പത്മകുമാര്‍ നവംബര്‍ 20നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍ നിന്നും സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്.
കട്ടിളപ്പാളിക്കേസില്‍ ഫെബ്രുവരി 20ന് പത്മകുമാറിന് ജാമ്യം ലഭിച്ചുവെങ്കിലും ഈ മാസം അഞ്ചിനാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. 105 ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍കഴിഞ്ഞു. 2 ലക്ഷം രൂപ വീതമുള്ള 2 ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിലും ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുത്, അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുത് തുടങ്ങിയ ഉപാധികളോടെയുമാണ് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് ജാമ്യം അനുവദിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സ്വര്‍ണക്കൊള്ളക്കേസ് ഉണ്ടാക്കിയത്. പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പുറത്താക്കാതിരുന്നതില്‍ വലിയ അമര്‍ഷം അണികളും ഉയര്‍ത്തിയിരുന്നു.