ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ ഉണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചു. ആറുപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
തലസ്ഥാനമായ പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലാണ് ഇന്നു പുലർച്ചെ 12.04 ന് തീപ്പിടുത്തം ഉണ്ടായത്. അടുക്കളയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. പ്രാഥമിക അന്വേഷണത്തിൽ റസ്റ്റോറന്റിന് അനുമതികളില്ലായിരുന്നുവെന്നും, അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിട നിർമാണ നിയമങ്ങളും പാലിച്ചില്ലെന്നും കണ്ടെത്തി. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവിച്ചത് അപകടം അല്ലെന്നും, സുരക്ഷയുടെയും, ഭരണത്തിന്റെയും കുറ്റകരമായ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിമർശിച്ചു.