Image: AFP, Reuters
ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. 10 മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പ്രഖ്യാപിച്ചത്. മുജ്തബയെക്കൂടാതെ ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജാനി, പരമോന്നത നേതാവിന്റെ ഉപദേശകര്‍, ആഭ്യന്തര മന്ത്രി എന്നിവരും പട്ടികയിലുണ്ട്. വിവരം അറിയിക്കാനുള്ള ഫോണ്‍ നമ്പരുകളും യുഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലായ ദേനയിലെ നാവികരുടെ ഭൗതികശരീരം കൊച്ചി വഴി ഇറാനിലേക്ക് കൊണ്ടുപോയി. 84 ഇറാൻ നാവികരുടെ ഭൗതികശരീരമാണ് ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കയിലാണ് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. അതേസമയം കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു ഇറാൻ യുദ്ധക്കപ്പലായ ലാവനിലെ 183 നാവികരും വിമാനമാർഗം മടങ്ങി. അർമേനിയ വഴി സംഘം ഇറാനിലേക്ക് പോകും എന്നാണ് വിവരം.
എന്നാൽ യുദ്ധക്കപ്പലായ ലാവൻ കൊച്ചിയിൽ തുടരുകയാണ്. എന്നാൽ, ഇക്കാര്യങ്ങൾ വിദേശകാര്യമന്ത്രാലയമോ, പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത ഇറാനിയൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ലാവൻ എന്ന പടക്കപ്പല്‍. ഇറാനുമേൽ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നാണ് മൂന്ന് കപ്പലുകൾക്ക് ഇന്ത്യയിൽ അടുക്കാൻ അനുമതി നൽകണമെന്ന് ഇറാൻ അഭ്യര്‍ഥിച്ചത്. മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകി. എന്നാൽ തകരാറിലായ ഐആർഐഎസ് ലാവൻ മാത്രമാണ് കൊച്ചിയിലെത്തിയത്.
Image; IRIS DENA, Reuters
ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഇളവ്. രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകി. ഷിവാളിക്, നന്ദാദേവി എന്നീ കപ്പലുകൾക്കാണ് അനുമതി നൽകിയത്. ഷിവാളിക് എന്ന എൽപിജി ടാങ്കർ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കടലിടുക്ക് കടന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ കപ്പലായ നന്ദാദേവി അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഹോർമൂസ് പിന്നിടും. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനുമായി കേന്ദ്രസർക്കാർ നടത്തിയ നിരന്തര ആശയവിനിമയമാണ് അപൂർവ ഇളവിന് കാരണമായത്. ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇളവ് നൽകുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലി വ്യക്തമാക്കിയിരുന്നു.