പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി അര്‍ധനഗ്നയായി വിഡിയോ കോള്‍ ചെയ്ത അധ്യാപിക അറസ്റ്റില്‍. നവി മുംബൈയിലാണ് സംഭവം. ആണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ പ്രവൃത്തി കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും പിതാവിന്‍റെ പരാതിയില്‍ പറയുന്നു.
പൊലീസ് പറയുന്നത് പ്രകാരം, അധ്യാപിക വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു ഈ ചാറ്റുകള്‍. പിന്നീട് ഈ ചാറ്റുകള്‍ വിഡിയോ കോളുകളിലേക്ക് മാറുകയായിരുന്നു. അധ്യാപിക അര്‍ധനഗ്നയായിട്ടായിരുന്നു വിഡിയോ കോളുകളില്‍ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ വിദ്യാര്‍ഥി തന്നെയാണ് സംഭവത്തെ കുറിച്ച് മാതാപിതാക്കളോട് തുറന്നുപറയുന്നത്.
പിന്നാലെ വിദ്യാര്‍ഥിയുടെ പിതാവ് പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. അധ്യാപികയുടെ പ്രവൃത്തികള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നാലെയാണ് അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും പോക്സോ വകുപ്പ് ചുമത്തുന്നതും. അധ്യാപിക മറ്റ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപികയുടെ മൊബൈല്‍ പിടിച്ചെടുത്തതായും സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതായുമായാണ് ലഭിക്കുന്ന വിവരം.
മൂംബൈയിലെ തന്നെ മറ്റൊരു സ്കൂളിലെ നാല്‍പ്പതുകാരിയായ അധ്യാപിക 16 വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം. ഒരുവര്‍ഷമായി പല തവണ ആണ്‍കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കേസില്‍ വിവാഹിതകൂടിയായ അധ്യാപികയെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിലെ വാർഷിക പരിപാടിക്കിടെയാണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. എന്നാല്‍ മടിച്ചുനിന്ന ആണ്‍കുട്ടിയെ സ്വന്തം സ്ത്രീസുഹത്തിന്‍റെ സഹായത്തോടെയാണ് അധ്യാപിക വരുതിയിലാക്കിയത്.