പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവനന്തപുരം കമ്മിഷണര്‍ക്കായിരുന്നു ഇതുവരെ അന്വേഷണച്ചുമതല. ഏകീകൃത അന്വേഷണത്തിനായാണ് നടപടിയെന്നാണ് വിശദീകരണമെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിയാതിരുന്നതിലെ അതൃപ്തിയാണ് കാരണമെന്നാണ് സൂചന. ഇതോടെ രണ്ട് കേസുകളും ജി. പൂങ്കുഴലിയുടെ സംഘം അന്വേഷിക്കും.
അതിനിടെ, ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതിന് പിന്നാലെ രാത്രി 11 മണിയോടെയാണ് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.രാജീവിനെ പറവൂരിലെ വീട്ടിലെത്തി രാഹുല്‍ കണ്ടത്. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഖേനെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിന്‍റെ വസ്തുതകള്‍ പരിഗണിക്കാതെയാണ് സെഷന്‍സ് കോടതി ഉത്തരവെന്നും ഇത് റദ്ദാക്കണമെന്നുമാണ് സര്‍ക്കാരിന്‍റെ ആവശ്യം.
രാഹുല്‍ ഫ്ലാറ്റ് ഒഴിയണം!
അതേസമയം, പാലക്കാട്ടെ ഫ്ലാറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിയേണ്ടി വരും. മറ്റു താമസക്കാര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് അസോസിയേഷന്‍ രാഹുലിന് നോട്ടിസ് നല്‍കി. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായും വിവരമുണ്ട്.