ബംഗളൂരിൽ സഹോദര പുത്രന്മാരെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. ഹെബ്ബ ഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഒൻപതും ഏഴും വയസുള്ള കുട്ടികളെ വായിൽ തുണി തിരുകിയ ശേഷം ഹാമരും ഇരുമ്പു കമ്പിയും ഉപയോഗിച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കമ്മസാന്ദ്രയിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നടുക്കുന്ന ഇരട്ട കൊലപാതകം ഉണ്ടായത്. നിർമ്മാണ തൊഴിലാളിയായി യാദ് ഗിർ സ്വദേശി ചാന്ദ് പാഷയുടെ മക്കളായ മുഹമ്മദ് ഇഷാഖ് , മുഹമ്മദ് ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ സഹോദരൻ അഞ്ചു വയസുള്ള മുഹമ്മദ് റോഹൻ അതീവ ഗുരുതരാവസ്ഥയിൽ നിംഹാൻസിൽ ചികിത്സയിലാണ്. ചാന്ദ് പാഷയുടെ സഹോരൻ 25വയസുള്ള കാസിം ആണ് കൊലയാളി. ചാന്ദ് പാഷായും ഭാര്യയും ജോലിക്കായും മുത്തശ്ശി സമീപത്തെ കടയിലും പോയ സമയത്ത് വീട്ടിലേക്ക് ഓടിയെത്തിയ കാസിം വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ ശേഷം കുട്ടികളെ ആക്രമിക്കുകയായിരുന്നു. വായിൽ തുണി തിരുകിയ ശേഷം ഹാമറും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് കുട്ടികളുടെ തലക്കടിച്ചു. കുട്ടികളുടെ ഞരക്കം കേട്ട് അയൽവാസികളും മുത്തശ്ശിയും ഓടിയെത്തി വാതിൽ ചവട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് കാസിമിനെ അറസ്റ്റ് ചെയ്തു..മാനസിക പ്രശ്നം ഉള്ളയാളാണ് കൊലയാളി എന്നാണ് സൂചന