ബെംഗളൂരുവിലെ റോഡരികില്‍ വച്ച് ചിത്രീകരിച്ച ഒരു വിഡിയോ കണ്ടവരെയെല്ലാം ഞെട്ടിച്ചു. പൊരിവെയിലത്ത് സ്വെറ്ററും ധരിച്ച് അനങ്ങാന്‍ കഴിയാതെ ഒരു യുവാവ് രണ്ട് മണിക്കൂര്‍ റോഡരികില്‍ നില്‍ക്കുന്നതായിരുന്നു വിഡിയോ. ശബ്ദിക്കാനോ ചലിക്കാനോ കഴിയാതെ നിസഹായനായി നിന്ന യുവാവ് ലഹരിക്കടിമയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നു. യുഎസിലും മറ്റും വ്യാപകമായ സൈലൊസീന്‍ അഥവാ സോംബീ ഡ്രഗ് ഉപയോഗിച്ചാണ് യുവാവ് ഈയവസ്ഥയിലെത്തിയതെന്നായിരുന്നു പ്രചരണം. സൈലൊസീന്‍ ഉപയോഗിക്കുന്നവര്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം നിശ്ചലമായി നില്‍ക്കുന്നത് അമേരിക്കന്‍ തെരുവുകളില്‍ സ്ഥിരം കാഴ്ചയാണ്..

ബെംഗളൂരുവില്‍ കണ്ട യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റുകയും നീരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തു. സൈലൊസീന്‍ വാര്‍ത്ത വന്നതോടെ പൊലീസും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസില്‍ ഇടപെട്ടു. തുടര്‍ന്ന് യുവാവിനെ ദിവസങ്ങളോളം നിരീക്ഷിച്ചു. എന്നാല്‍ യുവാവിന്‍റെ ശരീരസ്രവങ്ങളുടെ പരിശോധനാഫലം നെഗറ്റിവ് ആയിരുന്നു. സൈലൊസീന്‍റെയോ മറ്റ് ലഹരിമരുന്നുകളുടെയോ സാന്നിധ്യമില്ല. 

തുടര്‍ന്ന് യുവാവിനോട് വിശദമായി സംസാരിച്ചപ്പോഴാണ് ഡോക്ടര്‍മാരടക്കം ഞെട്ടിയത്. യുവാവിന് ശക്തമായ സൈനസൈറ്റിസും അതുകാരണമുള്ള മൂക്കടപ്പും ഉണ്ടായിരുന്നു. ഇതിനുള്ള മരുന്നുകളും സ്ഥിരമായി കഴിച്ചിരുന്നു. ശക്തമായ സ്റ്റിറോയ്ഡുകള്‍ അടങ്ങിയതായിരുന്നു മരുന്ന്. സൈനസൈറ്റിസിന് പുറമേ സന്ധിവാതത്തിനും ഇയാള്‍ മരുന്ന് കഴിച്ചിരുന്നു. ഈ മരുന്നുകള്‍ കഴിച്ച് അധികം വൈകാതെ യുവാവ് മദ്യപിച്ചു. മദ്യവും മരുന്നുകളിലെ രാസവസ്തുക്കളും ചേര്‍ന്നാണ് യുവാവിനെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് കണ്ടെത്തല്‍.

അമേരിക്കയിലും ആഫ്രിക്കയിലും മഹാവ്യാധി പോലെ പടര്‍ന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുവാണ് സൈലൊസീന്‍. മറ്റ് ലഹരികളില്‍ നിന്ന് വ്യത്യസ്തമായി സൈലൊസീന്‍ ഉപയോഗിക്കുന്നവര്‍ അനങ്ങാനാകാതെ മണിക്കൂറുകളോ ദിവസങ്ങളോളമോ നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. സൈലൊസീനെതിരെ ശക്തമായ മുന്‍കരുതലാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The zombie drug, xylazine, was initially suspected in a case in Bangalore where a young man was found immobile on the roadside, leading to widespread fear and media attention. However, subsequent medical examinations revealed that his condition was a result of a severe reaction between strong steroid medications for sinusitis and arthritis, combined with alcohol, rather than xylazine or other illicit drugs.