ബെംഗളൂരുവില്‍ ജിം ട്രെയിനര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം. 28 കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തുപോയ ദിലീപ് രാത്രിയോടെ വീട്ടിലെത്തിയ ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. യോഗിത എന്ന യുവതി ദിലീപിന്‍റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് ജീവനൊടുക്കിയ വിവരം കുടുംബം അറിയുന്നത്.
മെസേജിന് പിന്നിലെ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയില്‍ കാണുന്നത്. വിവാഹിതയായ യുവതിയുമായി ദിലീപിനുണ്ടായ പ്രശ്നങ്ങളും ഭീഷണിയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
വിവാഹിതയായ 42 കാരിയുമായി ദിലീപിന് ജിമ്മില്‍ വച്ചാണ് പരിചയം. കൂടുതല്‍ അടുത്തതോടെ യുവതി ദിലീപില്‍ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വിഷയം നേരത്തെ പൊലീസില്‍ പരാതിയായി എത്തുകയും യുവതിയുടെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ പരസ്പരം സംസാരിച്ച് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും യുവതി ഭീഷണി തുടരുകയായിരുന്നു.
പൊലീസും ഫോറൻസിക് സംഘവും മുറിയിലെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)