കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വാഹനത്തിൽ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി കൊല്ലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നൽകിയത്. 

കഴിഞ്ഞ നാലിന് അർധരാത്രി കായംകുളം കെപിഎസി ജങ്ങ്ഷനിലായിരുന്നു അപകടം. കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭർത്താവുമൊത്ത് മലയാറ്റൂർ തീർത്ഥാടനത്തിന് പോയി തിരികെ വരുന്നതിനിടെ കെപിഎസി ജങ്ഷനിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറിൽ തട്ടി മറിഞ്ഞു. 

അപകടം കണ്ട് രക്ഷാപ്രവർത്തിന് ഓടിയെത്തിയവരിൽ ഒരാളായിരുന്നു സിനിൽ സബാദ്. അപകടമുണ്ടായ സ്‌ഥലത്തിനടുത്താണ് സിനിൽ താമസിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ഇയാളും പ്രദേശത്തെ ആളുകളും ചേർന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയിൽ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 

പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യംചെയ്തപ്പോൾ മനപ്പൂർവമല്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചതാണെന്നുമായിരുന്നു സവാദിന്‍റെ വാദം. തുടർന്ന് അന്വേഷണത്തോട് സഹകരിക്കണം എന്ന് നിർദേശിച്ച് ഇയാളെ വിട്ടയച്ചു. പൊലീസ് കേസെടുത്തെങ്കിലും മതിയായ വകുപ്പുകൾ ചുമത്തിയിട്ടില്ല എന്നാണ് യുവതി ആരോപിക്കുന്നത്. തുടർനടപടികൾ വൈകുന്നുവെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പിന്‍റെ തിരക്കായതിനാലാണ് അന്വേഷണം വൈകിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Kayamkulam accident assault involves a woman being allegedly sexually assaulted during her rescue following a vehicle accident. Kayamkulam police have registered a case against a traders' coordination committee leader named Sinil Sabad following a complaint from the 25-year-old victim.