ഡൽഹിയിലെ രൺഹോളയിൽ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ജൂലൈ രണ്ടിനാണ് ദാരുണമായ സംഭവം നടന്നത്. ഇരുപത്തിനാലുകാരിയായ നിഷയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വിനയ്(28) ആണ് കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിച്ചത്.
ഭാര്യ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നത് സംശയിച്ച വിനയ്, തർക്കത്തെത്തുടർന്ന് ബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം കഴിച്ചു. തുടര്‍ന്ന് തങ്ങളുടെ മൂന്ന് വയസ്സുള്ള മകളുമായി അടുത്തുള്ള തന്റെ അമ്മ താമസിക്കുന്ന വാടക വീട്ടിലെത്തി. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും വിഷം കഴിച്ചെന്നും സഹോദരി പ്രിയയോട് വിനയ് പറയുകയായിരുന്നു.
വിവരം അറിഞ്ഞ പ്രിയ ഉടൻ തന്നെ ദമ്പതികൾ താമസിച്ചിരുന്ന മുറിയിലെത്തി നിഷയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയും അയൽവാസികളെ അറിയിക്കുകയും ചെയ്തു. പൊലീസ് ഉടൻ തന്നെ ഇരുവരെയും സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി രൺഹോളയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ. രൺഹോള പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത(BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.