പത്തനംതിട്ട അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുവെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ ആദ്യമായി അതിക്രമം ഉണ്ടായത്. അമ്മയുടെ മരണ ശേഷമായിരുന്നു കുട്ടിക്ക് നേരെയുള്ള പിതാവിന്‍റെ ഉപദ്രവം.
2020ൽ പെൺകുട്ടിയുടെ അമ്മ വിദേശത്തുവെച്ച് അസുഖ ബാധിതയായി മരിച്ചിരുന്നു. അമ്മയുടെ മരണശേഷമാണ് പ്രതി മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയത്. പിന്നീട് ഇവർ നാട്ടിലെത്തിയ ശേഷവും പീഡനം തുടരുകയായിരുന്നു.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടർനടപടികൾക്കായി അടൂർ പൊലീസിന് കൈമാറി.
ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് പീഡനം ഉണ്ടായിട്ടുള്ളത്. നിലവിൽ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.