യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിനിടെ കേതന്‍റെ പ്രതിശ്രുതവധുവായിരുന്ന സിയയും സുഹൃത്തും തമ്മിലുള്ള സ്നാപ്ചാറ്റ് സന്ദേശങ്ങൾ പുറത്തുവന്നതായി റിപ്പോര്‍ട്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് അയച്ചുതരണമെന്ന് സിയ സുഹൃത്തിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ‘നടക്കാതെ പോയ കല്യാണത്തിനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിന്റെ ആധാറിന്‍റെ കോപ്പി എനിക്ക് അയച്ചുതരുമോ’ എന്നാണ് സിയ സന്ദേശമയച്ചത്. കേതനെ കൊലപ്പെടുത്തിയ ശേഷം അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നോ ഈ ടിക്കറ്റ് ബുക്കിങ് എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ ചാറ്റുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും തെളിവുകൾ നശിപ്പിക്കാൻ ആംഗ്യഭാഷ ഉപയോഗിച്ചതായും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സിയയുടെയും ചേതന്റെയും മൊബൈൽ ഫോണുകളിൽ നിന്ന് നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുത്തതിലൂടെയാണ് ഇക്കാര്യം പുറത്തായത്. സിയയും ചേതനും ഒളിവുജീവിതം നയിക്കുന്നതിനിടെ വിവരങ്ങൾ കൈമാറാൻ രഹസ്യപേരുകളും ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അപേക്ഷ പ്രാദേശിക കോടതി തള്ളി. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയുടെ യഥാർത്ഥ ലക്ഷ്യവും കൊലപാതകത്തിലെ പങ്കും വ്യക്തമാകൂ എന്ന് പോലീസ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സിയയുടെ രണ്ടാം മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച രഹസ്യ സന്ദേശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേതന്റെ പാസ്‌പോർട്ട് സിയ കീറിക്കളഞ്ഞതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയതായും അവളുടെ വസ്ത്രങ്ങൾ കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് പവാർ പറഞ്ഞു. പ്രതികളുടെ നാർക്കോ പരിശോധന സംബന്ധിച്ചും കോടതിയിൽ ചർച്ചകൾ നടന്നു. പ്രതികളുടെ സമ്മതമില്ലാതെ നാർക്കോ പരിശോധന നടത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിയയും ചേതനും ഇതിന് സമ്മതിച്ചില്ല. തുടർന്ന് പ്രോസിക്യൂഷനും പരിശോധനയുടെ ആവശ്യമില്ലെന്ന് അറിയിച്ചു.
സിയയും ചേതനും ചേർന്ന് മകനെ മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേതന്റെ പിതാവ് വിശാൽ ദേവിചന്ദ് അഗർവാൾ നൽകിയ പരാതിയിലെ ആരോപണം. ജൂൺ 18-ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കേതൻ പുണെ-മുംബൈ ഹൈവേയിലെ കിവാളെ പാലത്തിൽ വെച്ച് സിയയെ കൂടെക്കൂട്ടുകയായിരുന്നു. പിന്നീട് ഇരുവരും ലോഹഗഡ് കോട്ടയിലേക്ക് പോയി. രാവിലെ 10.45-ഓടെ, കേതൻ കോട്ടയിലെ കൊക്കയിൽ അബദ്ധത്തിൽ വീണുപോയെന്ന് സിയ കേതന്റെ അമ്മയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിന്നീട് ജൂൺ 21-ന് കേതന്റെ പിതാവും ബന്ധുക്കളും സുഹൃത്തുക്കളായ നവ്ദീപ് ജിൻഡാലും തരുൺ മിത്തലും ചേർന്ന് സംഭവസ്ഥലം പരിശോധിച്ചു. അവിടെ നിന്ന് അബദ്ധത്തിൽ കാൽ വഴുതി വീഴാൻ യാതൊരു സാധ്യതയുമില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. സിയയുടെ ഫോൺ എപ്പോഴും തിരക്കിലായിരുന്നെന്നും ചേതൻ എന്ന സുഹൃത്തിനെക്കുറിച്ച് സിയ നിരന്തരം സംസാരിച്ചിരുന്നെന്നും കുടുംബം മൊഴി നൽകി. ഇവരുടെ പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേതന്‍റെ കുടുംബത്തിന്റെ ആരോപണം.