എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റലില്‍ നിന്നും കട്ടിൽ മോഷ്ടിക്കാൻ ശ്രമം. കോളേജിലെ പൂർവവിദ്യാർഥിയാണ് എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലർച്ചെയാണ് സംഭവം നടന്നത്. പെട്ടി ഓട്ടോ ആപ്പ് വഴി ബുക്ക് ചെയ്താണ് ഇയാള്‍ കട്ടില്‍ മൊഷ്ടിക്കാന്‍ എത്തിയത്. സംഭവത്തില്‍ ആന്‍സ്റ്റന്‍ എന്ന് പൂർവവിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് കട്ടിലുകൾ പൂർണ്ണമായ രൂപത്തിലും മറ്റ് കട്ടിലിന്റെ ഭാഗങ്ങളായി അഴിച്ചെടുത്തുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു. കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു പൂർവവിദ്യാർഥിയുടെ മറുപടി. 

എന്നാല്‍, ഇതിന് ആരാണ് ഉത്തരവാദിത്വപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഇയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.

പെട്ടി ഓട്ടോയില്‍ കട്ടിലുകള്‍ അങ്കമാലിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ പദ്ധതി. മോഷണത്തിന് പിന്നില്‍ ആന്‍സ്റ്റന്‍ മാത്രമാണോയെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ വൈദ്യപരിശോധന പൊലീസ് പൂർത്തിയാക്കി.

ENGLISH SUMMARY:

Maharajas College hostel sees an attempted bed theft by a former student. He was apprehended by the hostel warden and subsequently handed over to the police for further investigation.