നിതിൻ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു എന്ന് മുന്‍പ് സ്കൂളില്‍ പഠിപ്പിച്ച അധ്യാപകര്‍. നിതിനെ കുറിച്ച് നല്ലത് മാത്രമേ പഠിപ്പിച്ച അധ്യാപകർക്ക് പറയാനുള്ളൂ. ഡോക്ടര്‍ ആകണമെന്നതായിരുന്നു നിതിന്റെ സ്വപ്നമെന്നും അധ്യാപകർ പറഞ്ഞു.

കൊറോണ ബാച്ചില്‍ പ്ലസ് ടു പഠിച്ചിരുന്ന നിതിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ വളരെ ആക്ടീവായി പഠിച്ചിരുന്നു എന്നാണ് അധ്യാപകര്‍ പറഞ്ഞത്. ഞങ്ങളെല്ലാം ഓണ്‍ലൈന്‍ ക്ലാസ് ആണ് എടുത്തിരുന്നത്. എന്നിട്ടുപോലും അവനെ എനിക്ക് നല്ലോണം പരിചയമായിരുന്നു. കാരണം ഓണ്‍ലൈന്‍ ക്ലാസിൽ കുറേ കുട്ടികളൊന്നും വലിയ ശ്രദ്ധിക്കാതിരുന്നപ്പോഴും ഇവൻ എല്ലാം ശ്രദ്ധിച്ച് സംശയമെല്ലാം വിളിച്ചു ചോദിക്കും. പിന്നീട് ഫോണിലും വിളിച്ച് സംശയം ചോദിക്കും. ഒരു നല്ല കുട്ടിയായിരുന്നു.

അന്നേ അവന് എന്‍ട്രന്‍സിന് പോണം, ഒരു ഡോക്ടര്‍ ആവണം എന്നുള്ള ആഗ്രഹമായിരുന്നു. എപ്പോഴും ഒരു ആത്മവിശ്വാസത്തോടെ പഠിക്കുന്ന കുട്ടിയായിരുന്നു. റിപ്പീറ്റ് ചെയ്ത് വന്നിട്ട് അഡ്മിഷന്‍ കിട്ടിയപ്പോഴും അവന്റെ സ്വഭാവത്തിൽ നിന്ന് ഒരു മാറ്റവും കണ്ടില്ല. പഴയ നല്ല കുട്ടിയായിട്ട് തന്നെയാണ് തോന്നിയത്, അവനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. 

ഡോക്ടര്‍ ആകണമെന്ന നിതിന്‍റെ ആഗ്രഹം പറഞ്ഞ് മറ്റൊരു അധ്യാപിക വിതുമ്പി. 'ടീച്ചറേ എനിക്ക് ഡോക്ടര്‍ ആവണം. എനിക്ക് ബിഡിഎസ് കിട്ടി ഞാൻ പോകും എന്ന് പറഞ്ഞു. അവസാനമായി അന്നാണ് ഞാൻ കാണുന്നത് ഈ കുഞ്ഞിനെ. ഇപ്പോ ഇതാ ഇങ്ങനെ. എനിക്കിത് സഹിക്കാൻ പറ്റുന്നില്ല,' വാക്കുകള്‍ കിട്ടാതെ ആ അധ്യാപിക വിതുമ്പി. 

കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ ജീവനൊടുക്കിയത്.  സംഭവത്തില്‍ അധ്യാപകരില്‍ നിന്ന് നിരന്തരം മാനസിക പീഡനങ്ങള്‍ അനുഭവിച്ചതായി നിതിന്‍ അയച്ച വാട്സാപ്പ് സന്ദേശം പുറത്തുവന്നിരുന്നു. തന്നെ അപമാനിച്ച് ഇല്ലാതെയാക്കി, അമ്മയെയും കളിയാക്കി, അമ്മയുടെ അസുഖത്തെയും പരിഹസിച്ചുവെന്നും നിതിന്‍ പറയുന്നു. അധ്യാപകരിലൊരാള്‍ തന്നെ ഇഡിയറ്റ് എന്ന് വിളിച്ചുവെന്നും മൂന്ന് മാര്‍ക്ക് മനപ്പൂര്‍വം കുറച്ച ശേഷം അത് വീട്ടുകാര്‍ക്ക് സര്‍പ്രൈസായി ഇരിക്കട്ടെ എന്ന് പരിഹസിച്ചുവെന്നും നിതിന്‍ വേദനയോടെ പറയുന്നു. കോളജിലെ അധ്യാപകർ നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിച്ചിരുന്നെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Nitin, who tragically ended his life by jumping from a hospital building at Kannur Dental College. Teachers remember Nitin as a bright and aspiring doctor, deeply affected by his untimely demise.