Image: Social Media

യുപി ഗ്രേറ്റർ നോയിഡയിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് 24കാരി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ദീപിക എന്ന യുവതിയാണ് മരിച്ചത്. കേസില്‍, ദീപികയുടെ ഭർത്താവിനെയും ഭർത്താവിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ദീപിക ടെറസിൽനിന്ന് ചാടിയത്. ഒന്നര വർഷം മുന്‍പാണ് ഹൃത്വിക്കുമായി ദീപികയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ദീപികയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ജൽപുര സ്വദേശിയാണ് ഹൃതിക്. വിവാഹം കഴിഞ്ഞ് മൂന്ന്– നാല് മാസങ്ങൾക്ക് പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചതായി ദീപികയുടെ പിതാവ് സഞ്ജയ് നാഗർ പറഞ്ഞു. ഹൃത്വിക്കും കുടുംബവും അധിക സ്ത്രീധനമായി ഒരു ഫോർച്യൂണർ കാറും 51 ലക്ഷം രൂപയും ആവശ്യപ്പെട്ടതായും സഞ്ജയ് പറയുന്നു. ഇതിനികം ദീപികയുടെ കുടുംബം ഏകദേശം ഒരു കോടി രൂപ വിവാഹത്തിനായി ചെലവഴിച്ചു കഴിഞ്ഞിരുന്നു. 2024 ഡിസംബറിൽ, വിവാഹവേളയിൽ 11 ലക്ഷം രൂപ പണവും 50 ലക്ഷം രൂപയുടെ സ്വർണ്ണവും ഫർണിച്ചറും ഒരു സ്കോർപിയോ കാറും നൽകിയിരുന്നു. എന്നാല്‍ വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍‌ പീഡനം ആരംഭിച്ചതായുമാണ് കുടുംബം പറയുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ ദീപികയെ ഭര്‍ത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. പലതവണ, പ്രശ്നങ്ങൾ പരിഹരിക്കാൻ ദീപീകയുടെ പിതാവും മറ്റ് കുടുംബാംഗങ്ങളും ഇടപെട്ടിരുന്നു. ദീപിക മരിച്ച ദിവസം കരഞ്ഞുകൊണ്ട് വീട്ടുകാരെ വിളിച്ചതായും ഭർത്താവും കുടുംബവും തന്നെ മർദ്ദിക്കുന്നതായും അറിയിച്ചിരുന്നു. തുടര്‍ന്ന് ദീപികയുടെ അച്ഛൻ ഏതാനും ബന്ധുക്കളോടൊപ്പം അന്നു വൈകുന്നേരം ഭർതൃവീട്ടിൽ എത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

എന്നാല്‍ അവര്‍ തിരിച്ച് വീട്ടിലെത്തിയതിന് പിന്നാലെ ഹൃത്വിക്കിന്റെ വീട്ടില്‍ നിന്ന് ഒരു കോൾ ലഭിച്ചു. ദീപിക അബദ്ധത്തിൽ ടെറസില്‍ നിന്നും വീണ് പരിക്കേറ്റതായാണ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോളാണ് മരിച്ചുവെന്നറിയുന്നത്. അതേസമയം ദീപിക ജീവനൊടുക്കില്ലെന്നും ഭർതൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ദീപികയുടെ ശരീരത്തില്‍ മർദ്ദനത്തെത്തുടർന്ന് നിരവധി ചതവുകളും കാലിൽ ആഴത്തിലുള്ള മുറിവുകളും മുഖത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൗജന്യ ഹെൽപ് ലൈൻ നമ്പറുകളായ 1056 ലോ (ദിശ), 0471 – 2552056 എന്ന ലാൻഡ് ലൈൻ നമ്പറിലോ, 9152987821 എന്ന മൊബൈൽ നമ്പറിലോ വിളിച്ച് വിദഗ്ദ്ധ സഹായം തേടുക.

ENGLISH SUMMARY:

In a tragic incident in Greater Noida, Uttar Pradesh, a 24-year-old woman named Deepika reportedly lost her life after falling from the terrace of her in-laws' house due to continuous dowry harassment. Following a complaint filed by the victim's father, Sanjay Nagar, the local police swiftly arrested Deepika's husband, Hrithik, and her father-in-law on charges of dowry death and abetment of suicide. The family revealed that despite spending nearly ₹1 crore during the wedding in December 2024—which included gifting a Scorpio car, gold, and cash—Hrithik's family began demanding an additional Fortuner car and ₹51 lakhs just a few months later. On the day of the incident, Deepika had called her parents in tears detailing a physical assault, prompting her father to visit and intervene, only to receive a call shortly after returning home claiming she had "accidentally fallen." Deepika's family strongly alleges foul play and murder, pointing out multiple severe bruises, facial trauma, and deep leg wounds on her body that contradict the suicide narrative.