ഡൽഹിയിലെ ഉത്തം നഗറിൽ വൈദ്യുതാഘാതമേറ്റ് മരിച്ച യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്‍റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ചാറ്റില്‍ കൃത്യം നടക്കുന്ന ദിവസം പ്രതി സുസ്മിത ഭര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ തല്‍സമയം രാഹുലിന് കൈമാറിയിരുന്നു എന്നതും വ്യക്തമാണ്.
അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. ഈ സമയം എന്ത് ഭക്ഷണമാണ് നൽകുന്നത്, കരണ്‍ ഉറങ്ങിയോ, എപ്പോളാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം രാഹുലിനെ കൃത്യമായി സുസ്മിത അറിയിച്ചിരുന്നു. കരണിന്‍റെ ഭക്ഷണത്തിൽ 15 ഉറക്ക ഗുളികകൾ കലർത്തി നൽകിയതായും ഇവര്‍ തമ്മിലുള്ള സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉറക്കഗുളികകള്‍ നല്‍കിയിട്ടും കരണിന് ഉടനടി ഒന്നും സംഭവിക്കാതിരുന്നത് സുസ്തിമതയില്‍ ആശങ്കവളര്‍ത്തിയിരുന്നു. ഉടന്‍ സുസ്മിത രാഹുലിന് സന്ദേശമയച്ചു, ‘ഉറക്കഗുളിക കഴിച്ച് മരിക്കാന്‍ എത്ര സമയമെടുക്കും? കരണ്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു, ഒന്നുമുണ്ടായില്ല, മരിച്ചിട്ടുമില്ല, ഇനി നമ്മള്‍ എന്തുചെയ്യും?’. പിന്നാലെ രാഹുലിന്‍റെ മറുപടിയെത്തി... ‘ഒരു ഷോക്ക് കൊടുക്കാം’. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കരണിനെ വകവരുത്തിയത്. ഉറക്ക ഗുളികള്‍ കഴിച്ച് മയക്കത്തിലായ കരണിനിന്‍റെ വിരലില്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള എക്സ്റ്റൻഷൻ കോഡിൽ ഘടിപ്പിച്ചിരുന്ന വയർ മുറിച്ചുമാറ്റി സ്വിച്ച് ഓൺ ചെയ്ത ശേഷം അതുകൊണ്ട് സ്പര്‍ശിക്കുകയായിരുന്നു സുസ്മിത. ALSO READ: ഉറക്കഗുളിക നല്‍കി ഷോക്കടിപ്പിച്ചു; ബന്ധുവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അരുംകൊല ചെയ്ത് ഭാര്യ
കരണ്‍ വളരെ പതുക്കെയാണ് ശ്വസിക്കുന്നതെന്ന് സുസ്മിത പറഞ്ഞപ്പോള്‍ കയ്യിലുള്ള ഉറക്ക ഗുളിക മുഴുവനും കൊടുക്കാനും രാഹുല്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ കരണിന്‍റെ വാ തുറക്കാന്‍ തനിക്ക് പറ്റുന്നില്ലെന്ന് സുസ്മിത പറയുന്നു. രാഹുലിനോട് വീട്ടിലോട്ട് വരാനും ചാറ്റുകളില്‍ സുസ്മിത ആവശ്യപ്പെടുന്നുണ്ട്. കരണിനെ മയക്കിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് മരണം അപകടകരമാണെന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ ഉറക്കഗുളികകൾ കഴിച്ചിട്ടും പെട്ടെന്ന് കരണ്‍ അബോധാവസ്ഥയിലേക്ക് പോയില്ല, തുടര്‍ന്നാണ് മയക്കത്തിലായ കരണിന്‍റെ വരലില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നത്. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം ഇരുവരും ഗൂഗിളിൽ തിരഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ജൂലൈ 13 നാണ് കരൺ ദേവിനെ ഡല്‍ഹിയിലെ മാതാ രൂപ്രാണി മാഗോ ആശുപത്രിയിലെത്തിക്കുന്നത്. കൊലപാതകം നടന്നയുടനെ സുസ്മിത തന്നെയാണ് അടുത്തുള്ള ഭർതൃവീട്ടിൽ പോയി കരണിന് വൈദ്യുതാഘാതമേറ്റതായി അറിയിക്കുന്നത്. പിന്നാലെ വീട്ടുകാര്‍ ഫ്ലാറ്റിലെത്തി കരണിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും മരണം സംഭവിച്ചിരുന്നു. അബദ്ധത്തില്‍ ഷോക്കേറ്റതാണെന്നാണ് സുസ്മിത ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും പറഞ്ഞത്. അപകടമരണമാണെന്ന് വിശ്വസിച്ച് കുടുംബം ആദ്യം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചെങ്കിലും മരിച്ചയാളുടെ പ്രായവും മരണത്തിനിടയാക്കിയ സാഹചര്യവും കണക്കിലെടുത്ത് പൊലീസാണ് പോസ്റ്റ്മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടത്. അപ്പോളും സുസ്മിതയും രാഹുലും ചേര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തെ എതിര്‍ത്തുകൊണ്ടേയിരുന്നു.
കരണിന്‍റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വയറ്റിൽ ഉറക്കഗുളികകൾ കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കരണ്‍ മരിച്ച് മൂന്ന് ദിവസത്തിന് ശേഷം കരണിന്‍റെ സഹോദരന്‍ കുനാലാണ് കരണിനെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കുനാല്‍ തന്നെയാണ് സുസ്മിതയും രാഹുലും തമ്മിലുള്ള ചാറ്റുകളും പൊലീസിന് കൈമാറിയത്.
ആറു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായ സുസ്മിതയ്ക്കും കരണിനും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. ഒരു വർഷം മുമ്പാണ് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന രാഹുലുമായി സുസ്മിത പ്രണയത്തിലാകുന്നത്. വിവാഹമോചനം നേടിയാല്‍ ഉണ്ടാകുന്ന അപമാനത്തെ ഭയന്നാണ് കരണിനെ ഇല്ലാതാക്കി അതൊരു അപകടമായി ചിത്രീകരിക്കാൻ സുസ്മിത തീരുമാനിച്ചത്. കരണ്‍ തന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് സുസ്മിത പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പലപ്പോളായി പണം ചോദിക്കാറുണ്ടായിരുന്നുവെന്നും സുസ്മിത പറഞ്ഞു.