ചിത്രം: സോഷ്യല്‍മീഡിയ
ഡല്‍ഹി ഓംവിഹാര്‍ സ്വദേശി കരണ്‍ദേവിന്റെ ദുരൂഹമരണത്തില്‍ വഴിത്തിരിവ്. 36കാരനായ കരണിന്റെ മരണം വൈദ്യുതാഘാതമേറ്റെന്നായിരുന്നു അന്വേഷണസംഘം ആദ്യം കരുതിയത്. എന്നാല്‍ അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിലാണ്. കരണിന്റെ അകന്ന ബന്ധത്തിലുള്ള യുവാവിനൊപ്പം ജീവിക്കാനായി ഭാര്യ സുസ്മിത തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ജൂലൈ 13 നാണ് കരൺ ദേവിനെ ഭാര്യ സുസ്മിത ഡല്‍ഹിയിലെ മാതാ രൂപ്രാണി മാഗോ ആശുപത്രിയിലെത്തിക്കുന്നത്. അബദ്ധത്തില്‍ ഷോക്കേറ്റതാണെന്നാണ് സുസ്മിത ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും പറഞ്ഞത്. എക്സ്റ്റൻഷൻ കോഡിൽ നിന്നുള്ള വയറിൽ സ്പർശിച്ചപ്പോള് കരണിന് ഷോക്കേറ്റെന്നായിരുന്നു സുസ്മിത ആവര്‍ത്തിച്ച് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കരണ്‍ മരിച്ചിരുന്നു. അപകടമരണമാണെന്ന് വിശ്വസിച്ച് കുടുംബം ആദ്യം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചെങ്കിലും മരിച്ചയാളുടെ പ്രായവും മരണത്തിനിടയാക്കിയ സാഹചര്യവും കണക്കിലെടുത്ത് പൊലീസാണ് പോസ്റ്റ്മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടത്.
പൊലീസ് ആവശ്യപ്പെട്ടെങ്കിലും സുസ്മിതയും കരണിന്റെ ബന്ധുവായ രാഹുലും പോസ്റ്റുമോര്‍ട്ടത്തെ വീണ്ടും എതിര്‍ത്തു. ഒടുവില്‍ പൊലീസിന്റെ ഇടപെടലില്‍ കരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരണിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരണിന്റെ വയറ്റിൽ ഉറക്കഗുളികകൾ കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് കരണിന്റെ ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കരണ്‍ മരിച്ച് മൂന്ന് ദിവസത്തിന് ശേഷം കരണിന്റെ ഇളയ സഹോദരന് കുനാലാണ് മരണം അപകടമല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസിനോട് വെളിപ്പെടുത്തിയത്. കരണിനെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നാണ് കുനാല്‍ പൊലീസിനോട് പറഞ്ഞത്. സുസ്മിതയും രാഹുലും തമ്മിൽ നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റിന്റെ തെളിവും കുനാല്‍ പൊലീസിന് നല്കി. ഇരുവരും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ടത് ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു. സുസ്മിതയും രാഹുലും തമ്മില്‍ ബന്ധമുണ്ടെന്നും അതുകൊണ്ടാണ് കരണിനെ കൊല്ലാൻ തീരുമാനിച്ചതെന്നും ഈ ചാറ്റുകളില്‍ വ്യക്തമാണ്.
ഇരുവരും ചേര്‍ന്ന് ഉറക്കഗുളികള്‍ ചേര്‍ത്താണ് കരണിനെ കൊലപ്പെടുത്തിയത്. അത്താഴത്തിനിടെ 15 ഉറക്കഗുളികകൾ നൽകിയ ശേഷം കരണ്‍ അബോധാവസ്ഥയിലാകുന്നതുവരെ ഇരുവരും കാത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം ഇരുവരും ഗൂഗിളിൽ തിരഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായി. കൃത്യം നടത്തിയ രാത്രി സുസ്മിത രാഹുലിന് തത്സമയം എല്ലാ വിവരവും കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. എന്ത് ഭക്ഷണമാണ് നൽകുന്നത്, കരണ്‍ ഉറങ്ങിയോ, എപ്പോളാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം രാഹുലിനെ കൃത്യമായി അറിയിച്ചിരുന്നു. ഒരു ഘട്ടത്തിൽ സഹായിത്തിനായി സുസ്മിത രാഹുലിനെ വിളിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉറക്ക ഗുളികള്‍ കഴിച്ച് കരണ്‍ അബോധാവസ്ഥയിലായെങ്കിലും ശ്വസിക്കുന്നുണ്ടായിരുന്നു. പിന്നാലെ അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും കരണിന് വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന വോള്‍ട്ടേജുള്ള എക്സ്റ്റൻഷൻ കോഡിൽ ഘടിപ്പിച്ചിരുന്ന വയർ മുറിച്ചുമാറ്റി സ്വിച്ച് ഓൺ ചെയ്ത ശേഷം അതുകൊണ്ട് കരണിന്റെ വിരലില്‍ സ്പര്‍ശിക്കുകയായിരുന്നു.
സുസ്മിതയും കരണും ആറു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവര്‍ക്കും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. ഒരു വർഷം മുമ്പാണ് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന രാഹുലുമായി സുസ്മിത പ്രണയത്തിലാകുന്നത്. വിവാഹമോചനം നേടിയാല്‍ ഉണ്ടാകുന്ന അപമാനത്തെ ഭയന്നാണ് കരണിനെ ഇല്ലാതാക്കി അതൊരു അപകടമായി ചിത്രീകരിക്കാൻ സുസ്മിത തീരുമാനിച്ചത്. കരണ്‍ തന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് സുസ്മിത പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പലപ്പോളായി പണം ചോദിക്കാറുണ്ടായിരുന്നുവെന്നും സുസ്മിത പറഞ്ഞു.
സംഭവത്തില്‍ പ്രതിയായ സുസ്മിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രാഹുലിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതായി സുസ്മിത സമ്മതിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കരണിന്റെ മരണത്തില്‍ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദ്വാരക അങ്കിത് സിങിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.