ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിയില്‍ നിന്ന് പുറത്തുവന്നത് മോഷണവും കൊലപാതക ശ്രമവും അവിഹതവും അടങ്ങുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക. കഴിഞ്ഞ ദിവസമാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ 29 കാരിയ പൂജ ജാതവ് ഗ്വാളിയാറില്‍ അറസ്റ്റിലാകുന്നത്. പൂജയുടെ അമ്മായിയമ്മയായ 60 കാരി സുശീല ദേവി ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് പൂജ നടത്തിയ വലിയ ഗൂഢാലോചനയാണ്.
സുശീല ദേവിയുടെ കൊലപാതകം മോഷണത്തിനിടെയാകാം എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. വീട്ടില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതിനാലായിരുന്നു ഇത്. എന്നാല്‍ പൂജ പൊലീസിന്‍റെ പിടിയിലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മധ്യപ്രദേശിലെ ആദ്യ വിവാഹത്തോടെയാണ് പൂജയുടെ ക്രിമിനല്‍ ജീവിതം ആരംഭിക്കുന്നത്. പ്രണയ വിവാഹമാണെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ പൂജ വാടക കൊലയാളിയെ ഏര്‍പ്പാടാക്കി. കൊലപാതക ശ്രമത്തില്‍ നിന്ന് ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും കേസിന് പിന്നാലെ പൂജ അറസ്റ്റിലും ജയിലുമായി.
കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് മറ്റൊരു ക്രിമിനലായ കല്യാണുമായി പൂജ പ്രണയത്തിലാകുന്നത്. വ്യത്യസ്ത ജാതിയായതിനാല്‍ ഇരുവരും രഹസ്യമായി ബന്ധം തുടര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം കല്യാണ്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് സഹായത്തിനായി പൂജ എത്തി. പൂജയെ വീട്ടുകാര്‍ സ്വീകരിക്കുകയും വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കല്യാണിന്‍റെ മൂത്ത സഹോദരന്‍ സന്തോഷുമായി പൂജ പ്രണയത്തിലാകുന്നത്. വിവാഹിതനും കുട്ടിയുടെ അച്ഛനാണെങ്കിലും സന്തോഷും പൂജയും വിവാഹം ചെയ്തു.
കല്യാണിന്‍റെ സ്വത്തിന്‍രെ ഒരു വിഹിതം വിൽക്കണമെന്ന പൂജയുടെ ആവശ്യത്തോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സന്തോഷും അച്ഛൻ അജയ് സിങ്ങും വിൽപ്പനയ്ക്ക് സമ്മതിച്ചെങ്കിലും അമ്മായിയമ്മയായ സുശീല ദേവി അതിനെ ശക്തമായി എതിർത്തു. ഇതോടെ സുശീല ദേവിയെ ഇല്ലാതാക്കാന്‍ പൂജയും സഹോദരി കാമിനിയുമായും കാമിനിയുടെ കാമുകൻ അങ്കിതും ചേര്‍ന്ന് ഗൂഡാലോചന നടത്തുകയായിരുന്നു. ഭൂമി വിൽപ്പനയുടെ പകുതി പണമാണ് പങ്കാളികള്‍ക്ക് പൂജ ഓഫര്‍ ചെയ്തത്.
ജൂൺ 24 ന്, മകളുടെ പിറന്നാളിനായി പൂജ സന്തോഷിനെയും അജയിയെയും ഗ്വാളിയോറിലേക്ക് ക്ഷണിച്ചു. ഈ സമയം കാമിനിയും അങ്കിതും ഝാൻസിയിലേക്ക് പോയി സൂശീലയെ ബോധരഹിതയാക്കി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇരുവരും സുശീല ദേവിയുടെ സ്വര്‍ണവും ഇവര്‍ മോഷ്ടിച്ചിരുന്നു. സന്തോഷിന്‍റെ ആദ്യ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് പൂജയിലേക്ക് എത്തുന്നത്. സന്തോഷിന്‍റെയും അജയ്‍യുടെയും മൊഴി പൂജയ്ക്ക് എതിരായിരുന്നു. കേസില്‍ പൂജയും കാമിനിയും അങ്കിതും അറസ്റ്റിലായിട്ടുണ്ട്.