പെണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നതിനു പിന്നാലെ വീടുവിട്ടിറങ്ങിയതായിരുന്നു വയനാട് സ്വദേശിയായ ഹേമചന്ദ്രന്. പിന്നെ കാണുന്നത് ഒന്നര വര്‍ഷത്തിനു ശേഷം തമിഴ്നാട്ടിലെ ഉള്‍വനത്തിലെ ചതുപ്പില്‍ ജീവനറ്റ ദേഹമാണ്. പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് പണം കടം കൊടുത്ത കൂട്ടുകാര്‍ ഹേമചന്ദ്രനെ കൊണ്ടുപോയി കൊന്നുതള്ളി. മറവുചെയ്ത് ഒന്നര വര്‍ഷമായിട്ടും അഴുകാതെ ആ ദേഹം തമിഴ്നാട്ടിലെ ഉള്‍വനത്തിലെ ചതുപ്പില്‍ ഇരുന്നു. ALSO READ; പെണ്‍സുഹൃത്ത് വിളിച്ചു; ഹേമചന്ദ്രനെ പിന്നെ കണ്ടത് ഉള്‍വനത്തിലെ ചതുപ്പില്‍; ഒന്നര വര്‍ഷമായിട്ടും അഴുകാതെ മൃതദേഹം
വീട്ടില്‍ നിന്നിറങ്ങി നേരെ കുറെയായിട്ടും ഹേമചന്ദ്രനെ കാണാതായതോടെ ഭാര്യ സുഭിഷ തുടരെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പക്ഷേ മറുവശത്ത് നിന്ന് മറുപടിയുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഒരു തവണ വിളിച്ചപ്പോള്‍ ബത്തേരിയിലുള്ള കൂട്ടുകാരന് നൗഷാദായിരുന്നു ഹേമചന്ദ്രന്റെ ഫോണെടുത്തത്. ഹേമന് ഞങ്ങളോടൊപ്പമുണ്ട്, കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ ഇവിടെ നിന്ന് പോയെന്നായിരുന്നു മറുപടി എന്നാണ് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷ മനോരമന്യൂസിനോട് പറഞ്ഞത്.
'2024 മാര്‍ച്ച് 24 നാണ് അവസാനമായി വിളിച്ചത്. മൈസൂരാണെന്ന് പറഞ്ഞു. മാര്‍ച്ച് 22ന് വിളിച്ചപ്പോള്‍ നൗഷാദാണ് ഫോണെടുത്തത്. മൂന്ന് ലക്ഷം രൂപ തരാനുണ്ടെന്നും പണം ഇല്ലെങ്കില്‍ ഹേമനെ നിങ്ങളങ്ങ് മറന്നേക്ക്' എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുഭിഷ വ്യക്തമാക്കി. ഇതിനു ശേഷം ഹേമചന്ദ്രനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു എന്നാണ് സുഭിഷ പറയുന്നത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് 2024 ഏപ്രില്‍ ഒന്നിന് സുഭിഷ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒരിക്കല്‍ നൗഷാദും സംഘവും ഉപദ്രവിച്ചെന്ന് ഹേമചന്ദ്രന് പറഞ്ഞിരുന്നതായും സുഭിഷ വ്യക്തമാക്കി. ALSO READ; മോഷണ കേസില്‍ നിന്നും കൊലപാതക കേസിന് തുമ്പുണ്ടായി; ഹേമചന്ദ്രന്റെ കൊലപാതകം ഇങ്ങനെ
അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മോഷണക്കേസ് പ്രതിയില്‍ നിന്നാണ് ഹേമചന്ദ്രന് തിരോധാനത്തിലെ സുപ്രധാന വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസ് വീണ്ടും കേസ് തുറന്നു. മോഷണക്കേസ് പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തിലെ ചതുപ്പിലാണ്. സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ഹേമചന്ദ്രനെ കാണാതായി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊല നടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഉള്‍വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. കാരണം മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം ഇവിടെ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. പക്ഷേ ആ സംശയം അധികം നീണ്ടില്ല. നാലടി താഴ്ചയില്‍ അഴുകാത്ത നിലയില്‍ ഹേമചന്ദ്രന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. കാര്യമായി അഴുകാതെ കുനിഞ്ഞിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനഭൂമിയിലെ തണുപ്പാണ് മൃതദേഹം അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം.
കേസില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പനപള്ളുവാടി ബി.എസ്. അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മുഖ്യപ്രതി നൗഷാദ് ഗള്‍ഫിലാണുള്ളത്. നൗഷാദിനായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന.