ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ (53) മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തി. കുഴിച്ചിട്ട് ഇത്രയും നാളായിട്ടും മൃതദേഹം അഴുകാത്ത നിലയിലാണ് കണ്ടെത്തിയത്. തറനിരപ്പില്‍ നിന്നും നാലടിയോളം താഴ്ചയില്‍ മറവുചെയ്ത മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷം കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ALSO READ; മോഷണ കേസില്‍ നിന്നും കൊലപാതക കേസിന് തുമ്പുണ്ടായി; ഹേമചന്ദ്രന്‍റെ കൊലപാതകം ഇങ്ങനെ

പെണ്‍സുഹൃത്തിന്‍റെ ഫോണ്‍കോള്‍ വന്നതിനു പിന്നാലെ വീടുവിട്ടിറങ്ങിയതാണ് ഹേമചന്ദ്രന്‍. ഒന്നര വര്‍ഷത്തിനു ശേഷം തമിഴ്നാട്ടിലെ ഉള്‍വനത്തിലെ ചതുപ്പില്‍ നിന്നാണ് ഹേമചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ഹേമചന്ദ്രന്‍റെ ഫോണിലേക്ക് ഭാര്യ പലവട്ടം വിളിച്ചുനോക്കി. ‌ഒരു തവണ വിളിച്ചപ്പോള്‍ ബത്തേരിയിലുള്ള കൂട്ടുകാരന്‍ നൗഷാദ് ഫോണെടുത്തു. ഞങ്ങളോടൊപ്പമുണ്ട്, കുഴപ്പമില്ലെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ ഇവിടെ നിന്ന് പോയെന്നായിരുന്നു മറുപടി എന്നാണ് ഹേമചന്ദ്രന്‍റെ ഭാര്യ സുഭിഷ മനോരമന്യൂസിനോട് പറഞ്ഞത്. '2024 മാര്‍ച്ച് 24 നാണ് അവസാനമായി വിളിച്ചത്. മൈസൂരാണെന്ന് പറഞ്ഞു. മാര്‍ച്ച് 22ന് വിളിച്ചപ്പോള്‍ നൗഷാദാണ് ഫോണെടുത്തത്. മൂന്ന് ലക്ഷം രൂപ തരാനുണ്ടെന്നും പണം ഇല്ലെങ്കില്‍ ഹേമനെ നിങ്ങളങ്ങ് മറന്നേക്ക്' എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുഭിഷ വ്യക്തമാക്കി. ഇതിനു ശേഷം ഹേമചന്ദ്രനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ സുഭിഷ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മോഷണക്കേസ് പ്രതിയില്‍ നിന്നാണ് ഹേമചന്ദ്രന്‍ തിരോധാനത്തിലെ സുപ്രധാന വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസ് വീണ്ടും കേസ് തുറന്നു. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ ഒരു മാസം കേസിന് പിന്നാലെ നടന്നു. മോഷണക്കേസ് പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തതോടെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ALSO READ; സ്വത്ത് എഴുതിനല്‍കിയില്ല; മകൻ അമ്മയെ ചുട്ടു കൊന്നു; ക്രൂരം

കേസില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പനപള്ളുവാടി ബി.എസ്. അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മുഖ്യപ്രതി നൗഷാദ് ഗള്‍ഫിലാണുള്ളത്. നൗഷാദിനായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന. 

സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് കൊല്ലപ്പെട്ട ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു എന്നാണ് വിവരം. പണം കടം നല്‍കിയ സംഘം ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടുപോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദിച്ചു. ഇവര്‍ കൊണ്ടുപോയി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം, മറ്റു സാമ്പത്തിക കേസുകള്‍ എന്നിവ വഴിയാണ് പൊലീസ് കേസില്‍ തുമ്പുണ്ടാക്കിയത്.

ഉള്‍വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പൊലീസ് കണ്ടത്. വനഭൂമിയിലെ തണുപ്പാണ് മൃതദേഹം അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. 

ENGLISH SUMMARY:

Hemachandran left his house soon after receiving a phone call from his female friend. He was found one and a half years later in a swamp deep inside the forests of Tamil Nadu. The body of Hemachandran (53), a native of Wayanad who had gone missing from Kozhikode one and a half years ago, was recovered from the interior forests of Cherambadi in Tamil Nadu. Even after being buried for so long, the body was found in a state that had not decomposed. According to the police, the body was discovered buried about four feet below ground level and was in a crouched position. It is believed that crucial details regarding the case will emerge once procedures like the post-mortem are completed.