ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ കൊലപാതകത്തില്‍ തുമ്പുണ്ടായത് മോഷണ കേസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്ന് ഇറങ്ങിയ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റെ മൃതദേഹമാണ് തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്നും ഇന്ന് കണ്ടെത്തിയത്.
Also Read: പെണ്‍സുഹൃത്ത് വിളിച്ചതിന് പിന്നാലെ വീടുവിട്ടിറങ്ങി; ഒന്നര വര്‍ഷത്തിന് ശേഷം മൃതദേഹം വനത്തില്‍
ഈയിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മോഷണ കേസ് പ്രതിയില്‍ നിന്നാണ് ഹേമചന്ദ്രന്‍ തിരോധാനത്തിലെ സുപ്രധാന വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസ് വീണ്ടും കേസ് തുറന്നു. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ ഒരു മാസം കേസിന് പിന്നാലെ നടന്നു. മോഷണ കേസ് പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പെണ്‍സുഹൃത്തിന്‍റെ ഫോണ്‍ വന്നതിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഹേമചന്ദ്രന് പണം കടം നല്‍കിയ സംഘം പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടുപോവുകയായിരുന്നു.
പിന്നാലെ സംഘം തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് ഹേമചന്ദ്രന്‍ മരണപ്പെടുകയും പിന്നാലെ തമിഴ്നാട് ചേരമ്പാടിയിലെ വനത്തിലെത്തിച്ച് കുഴിച്ചിടുകയുമായിരുന്നു. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നൗഷാദ് വിദേശത്താണ്.
ഹേമചന്ദ്രനെ മറന്നേക്ക് എന്നു പറഞ്ഞ് കേസിലെ മുഖ്യപ്രതിയായ നൗഷദ് ഭീഷണിപ്പെടുത്തിയിരുന്നതായി ഹേമചന്ദ്രന്‍റെ ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. പല തവണ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഒരു തവണ വിളിച്ചപ്പോള്‍ ബത്തേരിയിലുള്ള കൂട്ടുകാരന്‍ നൗഷാദ് ഫോണെടുത്തു. ഞങ്ങളൊടുപ്പമുണ്ട്, കുഴപ്പമില്ലെന്ന് പറഞ്ഞു. പിന്നീട് നൗഷാദ് വിളിച്ചപ്പോള്‍ ഇവിടെന്ന് പോയെന്നായിരുന്നു മറുപടി' എന്നാണ് ഭാര്യ സുഭിഷയുടെ വാക്കുകള്‍.
അതിനിടെയില്‍ തന്നെ നൗഷാദും സംഘവും ഉപദ്രവിച്ചെന്ന് ഹേമചന്ദ്രന്‍ പറഞ്ഞതായും സുഭിഷ വ്യക്തമാക്കി. 'മാര്‍ച്ച് 24 നാണ് അവസാനമായി വിളിച്ചത്. മൈസൂരാണെന്ന് പറഞ്ഞു. മാര്‍ച്ച് 22ന് വിളിച്ചപ്പോള്‍ നൗഷാദാണ് ഫോണെടുത്തത്. മൂന്ന് ലക്ഷം രൂപ തരാനുണ്ടെന്നും പണം ഇല്ലെങ്കില്‍ ഹേമനെ നിങ്ങളങ്ങ് മറന്നേക്ക്' എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുഭിഷ വ്യക്തമാക്കി.