verdict

മലപ്പുറം മങ്കടയില്‍ നസീർ ഹുസൈനെ ക്രൂരമായി മര്‍ദിച്ച് കൊന്ന കേസില്‍ അഞ്ചു പ്രതികൾക്കും ജീവപര്യന്തം. 2016ല്‍ പ്രദേശത്തെ വീട്ടിലെത്തിയതിനെത്തുടര്‍ന്നായിരുന്നു സദാചാര ഗുണ്ടായിസം. ആൾക്കൂട്ട കൊലപാതകങ്ങൾ ഭീകരപ്രവർത്തനമാണന്ന് മഞ്ചേരി കോടതി നിരീക്ഷിച്ചു.

മങ്കട കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ 2016 ജൂൺ 28 ന് പുലർച്ചെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ,അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിനൊപ്പം ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമെല്ലാം പ്രോസിക്യൂഷൻ ഭാഗത്തിന് തെളിയിക്കാനായി.

യുവതിയുടെ വീട്ടിൽ വച്ച് രണ്ടു മണിക്കൂറിൽ അധികം വിറകു കമ്പുകൾകൊണ്ട് ക്രൂരമായി  മർദ്ദിച്ചാണ് കൊലപാതകം. നസീർ ഹുസൈന് വെള്ളം കൊടുക്കാനോ ആശുപത്രിയിൽ കൊണ്ടു പോകാനോ സംഘം തയ്യാറായില്ല. ദൃക്സാക്ഷിയായ യുവതിയുടെ മൊഴിയും പ്രതികളിൽ ഒരാൾ പകർത്തിയ മർദ്ദന ദൃശ്യങ്ങളുമാണ് വിചാരണയിൽ നിർണായകമായത്. വിധിയിൽ സന്തോഷമെന്ന് കുടുംബം. സമാനമായ കുറ്റകൃത്യങ്ങൾ  തടയാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ശിക്ഷാവിധി.

ENGLISH SUMMARY:

Malappuram Mankada murder case: Five individuals have been sentenced to life imprisonment for the brutal murder of Nasar Hussain in Mankada. The incident, which occurred in 2016, was a case of moral policing, and the Manjeri court observed that mob lynching constitutes terrorism.