rape-odisha

രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദ സഞ്ചാരിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. തിങ്കളാഴ്ച ഒരു പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയ ഫ്രഞ്ച് വിനോദസഞ്ചാരിയെയാണ് മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് സ്വന്തം അപ്പാർട്ട്മെന്റിലെത്തിച്ച് ഇയാള്‍ ബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ ഉദയ്പൂര്‍ സ്വദേശിയായ പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ജൂൺ 22 നാണ് ഡൽഹിയിൽ നിന്ന് ഉദയ്പൂരിലെത്തിയ യുവതി നഗരത്തിലെ ഒരു ഹോട്ടലിൽ റൂമെടുക്കുന്നത്. തിങ്കളാഴ്ച രാത്രി ടൈഗർ ഹില്ലിനടുത്തുള്ള ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോയിലും ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. അവിടെ വച്ചാണ് യുവതി പ്രതിയെ കണ്ടുമുട്ടുന്നത്. ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണിച്ചു തരാം പുക വലിച്ചിട്ടുവരാം എന്നെല്ലാം പറഞ്ഞ് പ്രലോഭിച്ച് ഇയാള്‍ പാര്‍ട്ടിയില്‍ നിന്ന് യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

വഴിമധ്യേ ഹോട്ടലിലേക്ക് മടങ്ങാൻ യുവതി ആവശ്യപ്പെട്ടെങ്കിലും അയാള്‍ യുവതിയെ തന്‍റെ ഫ്ലാറ്റിലേക്ക് യുവതിയെ എത്തിക്കുകയായിരുന്നു. ഫോണിൽ ചാർജ് ഇല്ലായിരുന്നതിനാൽ സഹായത്തിനായി ആരെയെങ്കിലും വിളിക്കാനോ യുവതിക്ക് കഴിഞ്ഞില്ല. ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ പ്രതി ആലിംഗനം ആവശ്യപ്പെട്ടതായും യുവതി വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതായും എഫ്‌ഐആറിൽ പറയുന്നു.

പിന്നീട് സ്വകാര്യ ആശുപത്രിയില്‍ യുവതി ചികില്‍സ തേടുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്, ആശുപത്രിയില്‍ വച്ച് യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A young man allegedly raped a French tourist in Udaipur, Rajasthan, after luring her with promises of sightseeing. The incident occurred on Monday after they met at a party. He offered to show her beautiful places around the city but instead took her to his apartment and committed the assault. Police are currently searching for the accused, a resident of Udaipur.