രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്ക്കെതിരെ രാഹുലിന്‍റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ്. യുവതിയാണ് ഗുളികയുടെ പേരും വാങ്ങേണ്ട ആളുടെ ലൊക്കേഷനും തന്‍റെ ഫോണിലേക്ക് അയച്ച് തന്നത്. മെഡിക്കല്‍ റെപ്പിന്‍റെ കൈയില്‍ നിന്നും വാങ്ങി യുവതിയെ ഏല്‍പ്പിച്ച ഗുളിക ഗര്‍ഭഛിദ്രത്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജോബി യുവതിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ട പ്രകാരം ഗര്‍ഭഛിദ്ര ഗുളിക വാങ്ങി യുവതി കഴിക്കുന്നത് വീഡിയോ കോളിലൂടെ ജോബി ജോസഫ് രാഹുലിനെ കാണിച്ച് ഉറപ്പാക്കിയെന്നായിരുന്നു അതീജിവിത അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. ഇത് പൂര്‍ണമായും തള്ളിക്കളയുന്നതാണ് ജോബിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരം. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ഈമാസം പതിനേഴിന് ജോബിയുടെ അപേക്ഷ കോടതി പരിഗണിക്കും. നിലവില്‍ ജോബി ഒളിവിലാണ്.