AI Generated Image
കാമുകിയെ വിവാഹം കഴിക്കുന്നതിനായി ഗോവയിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം കൊന്ന് കാട്ടിലെറിഞ്ഞ് യുവാവ്. ബെംഗളൂരു സ്വദേശിയായ സഞ്ജയ് കെവിനാണ് പിടിയിലായത്. നാട്ടുകാരിയും കാമുകിയുമായ റോഷ്നി മോസസിനെയാണ് സഞ്ജയ് കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ വനപ്രദേശത്ത് നിന്നുമാണ് റോഷ്നിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
ബെംഗളൂരുവിലെ സ്കൂളിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട റോഷ്നി. സ്കൂള്‍ പഠന കാലത്താണ് ഇരുവരും സൗഹൃദത്തിലാകുന്നതും ഇത് പ്രണയമായി വളര്‍ന്നതും. എന്നാല്‍ റോഷ്നിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സഞ്ജയ് സംശയിച്ചുവെന്നും ഈ സംശയത്തെ തുടര്‍ന്നാണ് ഗോവയിലെത്തിച്ച് വകവരുത്താന്‍ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് കടലോരത്ത് വച്ച് വിവാഹിതരാകാമെന്ന് റോഷ്നിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഗോവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞായറാഴ്ച ദര്‍ബാന്‍ദോറയിലെ വന്യജീവി സംരക്ഷണ കേന്ദ്രം കാണാന്‍ ഇരുവരും എത്തി. ഇവിടെ വച്ചാണ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് റോഷ്നിയുടെ കഴുത്തറുത്തത്. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ ടാക്സി വിളിച്ച് ഹുബ്ബളിയിലേക്ക് മടങ്ങി. റോഷ്നിയുടെ ഫോണും സഞ്ജയ് കൈവശം വച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
തിങ്കളാഴ്ച രാവിലെ പ്രദേശവാസിയായ കര്‍ഷകനാണ് റോഡില്‍ നിന്നും 100 മീറ്റര്‍ മാറി വനത്തില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് റോഷ്നിയുടെ ശരീരത്തില്‍ കിടന്ന ബാഗില്‍ നിന്നും ബസ് ടിക്കറ്റ് കണ്ടെടുത്തു. ഇതിനായി പണം അടച്ചത് സഞ്ജയുടെ ഫോണ്‍ നമ്പറില്‍ നിന്നായിരുന്നു. ഇതോടെയാണ് അന്വേഷണം സഞ്ജയിലേക്ക് എത്തിയത്. 24 മണിക്കൂറിനകം ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.