സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കമല്‍ കൗറിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ആദേശ് മെഡിക്കൽ സര്‍വകലാശാലയുടെ പാര്‍ക്കിങ് ഏരിയയിലായിരുന്നു വാഹനം. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ലുധിയാന സ്വദേശിയായ കമല്‍ കൗറിന് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക സൂചന.
മൃതദേഹം കണ്ടെത്തിയ കാര്‍ ലുധിയാനയില്‍ നിന്നുള്ളതാണ്. മറ്റൊരിടത്ത് നിന്ന് കൊലപ്പെടുത്തിയ ശേഷം കാറില്‍ കയറ്റി സര്‍വകലാശാലയിലെ പാര്‍ക്കിങില്‍ ഉപേക്ഷിച്ചായാണ് പ്രാഥമിക വിവരം. കാഞ്ചന് കുമാരി എന്നാണ് കമല്‍ കൗറിന്റെ യഥാര്‍ഥ പേര്. 30വയസിനുമേല്‍ പ്രായമുണ്ട്. ഹാസ്യ വിഡിയോകളിലൂടെയാണ് കമല്‍ കൗര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചില വിഡിയോയില്‍ ഉപയോഗിച്ച ഭാഷയുടെ വിവാദങ്ങളുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ഭീകരന് അര്‍ഷ് ദല്ലയില്‍ നിന്നും കമല്‍ കൗറിന് ഭീഷണിയുണ്ടായിരുന്നു. കമൽ കൗർ സോഷ്യൽ മീഡിയയിൽ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നാണ് അർഷ് ദല്ലയുടെ ആരോപണം. വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ കുടുംബാംഗങ്ങളിൽ ഒരാളെ കൊല്ലുമെന്നായിരുന്നു അന്നത്തെ ഭീഷണി.