ഹണിമൂണിനായി മേഘാലയയിലെത്തിച്ച് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രാജാ രംഘുവംശിയെ കൊല്ലാന്‍ വയ്യെന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ ആവര്‍ത്തിച്ച് പറഞ്ഞുവെന്നും എന്നാല്‍ രാജയുമായി തിരികെ മടങ്ങിപ്പോകാന്‍ കഴിയില്ലെന്നും ക്വട്ടേഷന്‍ തുക നാലു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി നല്‍കാമെന്നും സോനം പറഞ്ഞുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കൃത്യം നിര്‍വഹിച്ച കൊലയാളികള്‍ക്ക് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടാനും സോനത്തിന്‍റെ സഹായം ലഭിച്ചുവെന്നും പൊലീസ് പറയുന്നു.ചിറാപ്പുഞ്ചിക്കടുത്ത സോഹ്റ വെള്ളച്ചാട്ടത്തിനരികെയാണ് ജൂണ്‍ രണ്ടിന് രാജയുടെ മൃതദേഹം കണ്ടെത്തിയത്.
കാമുകനൊപ്പം ജീവിക്കുന്നതിനാണ് സോനം കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്‍ഡോറില്‍ വച്ച് മേയ് 11ന് വിവാഹം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ രാജയെ വകവരുത്താന്‍ സോനം പദ്ധതി തയ്യാറാക്കിത്തുടങ്ങിയെന്നും ഇതിനായി കാമുകന്‍ രാജ് കുഷ്വാഹിന്റെ സഹായവും ലഭിച്ചുവെന്നും കണ്ടെത്തി. കാമുകന്‍ മേഘാലയയിലേക്ക് പോയില്ലെങ്കിലും ഇന്‍ഡോറിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
മേയ് 21ന് ഗുവാഹട്ടിയില്‍ നവദമ്പതികള്‍ എത്തി. ഇവരെ പിന്തുടര്‍ന്നെത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളും തൊട്ടടുത്ത ഹോട്ടല്‍ തന്നെ താമസത്തിന് തിരഞ്ഞെടുത്തു. ഷില്ലോങിലേക്ക് സോനവും രാജയും പോയപ്പോള്‍ ഇവര്‍ പിന്തുടര്‍ന്നു. പിറ്റേന്ന് സോനം രാജയെയും കൂടി കുത്തനെയുള്ള വെള്ളച്ചാട്ടം കാണാനെന്ന് പറഞ്ഞ് കൊണ്ടുപോയി. അവിടേക്ക് പിന്തുടര്‍ന്നെത്തിയ കൊലയാളികള്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
സോനത്തിന് പുറമെ രാജ്, വിശാല്‍ ചൗഹാന്‍, ആകാശ് രാജ്പുത്, ആനന്ദ് കുര്‍മി എന്നിവരാണ് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്തത്. അതിനാടകീയമായാണ് സോനം ഞായറാഴ്ച രാത്രിയോടെ നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്ന് മേഘാലയ പൊലീസ് പറയുന്നു. അതേസമയം, മകള്‍ നിരപരാധിയാണെന്നും മേഘാലയ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് സോനത്തിന്‍റെ പിതാവ് ആരോപിക്കുന്നത്.
എന്നാല്‍ രാജയുമായുള്ള വിവാഹത്തിന് സോനത്തിന് സമ്മതമായിരുന്നില്ലെന്നും കുടുംബം നിര്‍ബന്ധിച്ച് വിവാഹം നടത്തിയാണെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൊല്ലപ്പെട്ട രാജയുടെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോനത്തിന്‍റെ എതിര്‍പ്പ് തള്ളിയ കുടുംബം സ്വജാതിയില്‍ നിന്നല്ലാതെ വിവാഹം അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിവാഹശേഷം എന്തു സംഭവിച്ചാലും താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് സോനം കുടുംബത്തോട് പറഞ്ഞുവെന്നും സഹോദരന്‍ പറയുന്നു.