ernakulam-temple-dileep-2

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്ന് വിവാദങ്ങളെത്തുടര്‍ന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. ദിലീപ് സ്വയംപിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശകസമിതിയുടെ വിശദീകരണം. ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് പ്രതികരിച്ചു. നാളെ നിശ്ചിയിച്ചിരുന്ന ചടങ്ങ് ബുധനാഴ്ച്ച നടത്തും.  

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന ഉല്‍സവത്തിന്‍റെ സംഭാവന കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ വിവരങ്ങള്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്. പ്രശ്നം രമ്യയമായി പരിഹരിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ദിലീപ് ഇന്നലെ രാത്രി അറിയിക്കുകയായിരുന്നുവെന്ന് ക്ഷേത്രോപദേശകസമിതി വിശദീകരിക്കുന്നു. Also Read: ദിലീപിന്‍റെ സിനിമ വനിതകള്‍ക്ക് കാണേണ്ടെന്ന് യുവതി,വനിതകള്‍ മാത്രമല്ലല്ലോ ബസിലെ യാത്രക്കാരെന്ന് മറുവാദം; വാക്കേറ്റം

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ശേഷമാണ് പരിപാടിയിലേയ്ക്ക് ക്ഷണിച്ചതെന്ന് ക്ഷേത്രോപദേശകസമിതി പറയുന്നു. പതിവായി ദര്‍ശനത്തിന് എത്തുന്ന വ്യക്തി എന്ന നിലയിലാണ് ദിലീപിനെ പരിഗണിച്ചത്. ബുധനാഴ്ച്ച ക്ഷേത്രം തന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. കോടതി വിധിയില്‍ അതിജീവിത ശക്തമായ പ്രതികരണം നടത്തുകയും കുറ്റകൃത്യത്തിന്‍റെ ആസൂത്രകര്‍ ഇപ്പോഴും പുറത്താണെന്ന് മഞ്ജു വാരിയര്‍ പ്രതികരിക്കുകയും ചെയ്തതോടെയാണ് പരിപാടിയിലേയ്ക്ക് ദിലീപിനെ ക്ഷണിച്ചത് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. 

ENGLISH SUMMARY:

The Ernakulathappan Temple Advisory Committee under the Cochin Devaswom has clarified that actor Dileep voluntarily opted out of a temple programme for which he was earlier invited. The invitation was related to the inauguration of coupon distribution for the upcoming temple festival in January. Following the release of the programme notice, the decision triggered widespread protests on social media. The committee has now rescheduled the event to a later date. Meanwhile, the court order in the actress assault case has highlighted serious lapses by the investigation team and prosecution. These shortcomings, including failure to question key individuals, ultimately led to the acquittal of Dileep and three other accused.