നടന്‍ കൃഷ്ണകുമാറിനെതിരായ പരാതിയില്‍ വഴിത്തിരിവ്. ജീവനക്കാരായ പെണ്‍കുട്ടികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യം പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കൃഷ്ണകുമാറിന്‍റെ കുടുംബം. മകള്‍ ദിയയുടെ ഫ്ലാറ്റില്‍ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റുമുതല്‍ പണം തട്ടിയതായി ദൃശ്യത്തില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കുന്നു. അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നത്. 

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വനിതാ ജീവനക്കാരുടെ പരാതിയില്‍ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തിരുന്നു. കൃഷ്ണകുമാറിന്‍റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലെടുത്ത കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍. കടയിലെ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചപ്പോഴാണ് പരാതിയെന്ന് കൃഷ്ണകുമാറും ദിയയും മനോരമ ന്യൂസിനോട് പറഞ്ഞു. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: ‘അനിയത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’; കണ്ണീരോടെ ദിയ

കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും.

ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 

Read Also: ‘നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത്, 5 ലക്ഷം ആവശ്യപ്പെട്ടു’; ദിയയ്‌ക്കെതിരെ ജീവനക്കാര്‍

ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇവരും ഭര്‍ത്താക്കന്‍മാരും ആദ്യം ദിയയുടെ ഫ്ളാറ്റിലെത്തിച്ച് 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു. 

സ്വന്തം മൊബൈലിലെ ക്യൂ ആര്‍ കോഡിലേക്ക് ജീവനക്കാര്‍ പണം വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും കൃഷ്ണകുമാര്‍ പുറത്തുവിട്ടു. എന്നാല്‍ നികുതി വെട്ടിക്കാനായി ദിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങലെന്നാണ് മറുപടി.

Read Also: ‘2000 രൂപ കിട്ടിയാൽ ഞങ്ങൾ മൂന്ന് പേരും കൂടിയാ ഷെയര്‍ ചെയ്യാറ്, ഒരുപാടൊന്നും എടുത്തിട്ടില്ല’; ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ആദ്യം അഞ്ച് ലക്ഷം കൊടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോയി സ്ത്രീകളെ തടഞ്ഞുവെച്ചുംമൂന്നരലക്ഷം കൂടി വാങ്ങിച്ചു. അഹാന ഉള്‍പ്പടെ കൃഷ്ണകുമാറിന്‍റെ കുടുംബവും ജീവനക്കാരും ഭീഷണിപ്പെടുത്താനുണ്ടായിരുന്നു. കൃഷ്ണകുമാറിന്‍റെ സഹായി പൊലീസാണെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും പരാതിയുണ്ട്.. രണ്ട് പരാതികളും പരിശോധിച്ച ശേഷം നടപടിയെന്നാണ് മ്യൂസിയം പൊലീസിന്‍റെ നിലപാട്. 

ENGLISH SUMMARY:

A twist in the complaint against actor Krishna Kumar. Visuals have been released showing the female employees admitting to committing fraud. Krishna Kumar's family released the visuals. The footage shows Ahaana and Diya speaking with the employees in Diya's apartment. In the visuals, the girls admit to embezzling money since August.