കണ്ണൂര്‍ പാനൂരിലെ സിപിഎം – യുഡിഎഫ് സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വടിവാള്‍ ആക്രമണത്തിന് തൊട്ടുമുന്‍പ് ബോംബേറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിനിടെ വടിവാളുമായി യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎമ്മുകാർക്കെതിരെ കേസ്. അധ്യാപകൻ ഉൾപ്പെടെ ആറു പേർക്കെതിരെയും, കണ്ടാൽ അറിയാത്ത 40 പേർക്കെതിരെയുമാണ് കേസ്. ഇന്നലെ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം സ്ഫോടക വസ്തുക്കള്‍ എറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 4 മുസ്‍ലിം ലീഗ് പ്രവർത്തകർ ചികില്‍സയിലാണ്.
കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കുപിന്നാലെ ഇന്നലെ വൈകിട്ടാണ് എല്‍ഡിഎഫ് ആക്രമണം. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ അസഭ്യം പറഞ്ഞതായി ആരോപിച്ചു സിപിഎം പ്രവർത്തകർ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. ചുവപ്പ് മുഖംമൂടിക്കെട്ടിയ അക്രമിസംഘം വീടുകളിലും മുസ്‍ലിം ലീഗ് പാർട്ടി ഓഫീസിലും എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചെടിച്ചട്ടികൾ നശിപ്പിച്ചു, വാഹനങ്ങൾ അടിച്ചു തകർത്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി.
അക്രമങ്ങൾക്ക് രക്ഷാപ്രവർത്തന സർട്ടിഫിക്കറ്റ് നൽകിയ പിണറായി വിജയനാണ് അതിക്രമത്തിന് പിന്നിലെന്ന ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ആരോപിച്ചു. അധ്യാപകനായ ആനന്ദ് മാസ്റ്റർ, ശരത്, അതുൽ, അഭിനവ്, അബിത്, ബിജേഷ് എന്നിവർക്കെതിരെയും തിരിച്ചറിയാത്ത 40 പേർക്കെതിരെയുമാണ് കേസ്. ആക്രമണത്തിൽ പരുക്കേറ്റ 4 മുസ്‍ലിം ലീഗ് പ്രവർത്തകർ ചികില്‍സയിലാണ്.