ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‍റെ തെളിവുകള്‍ പുറത്തുവിട്ട് കൃഷ്ണകുമാര്‍. ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‍റെ തെളിവുകളാണെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്‍റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വിഡിയോയില്‍ കാണാം. തട്ടിപ്പില്‍നിന്ന് ലഭിച്ച പണം തങ്ങള്‍ വീതിച്ചെടുത്തുവെന്ന് വിഡിയോയില്‍ ജീവനക്കാരികളില്‍ ഒരാള്‍ സമ്മതിക്കുന്നു. 2000 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതമെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മയില്ലെന്നും കൃഷ്ണകുമാര്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
അതേ സമയം തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിയ കൃഷ്ണയുടെ വെളിപ്പെടുത്തൽ.