നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാരികള്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജീവനക്കാരികള്‍ പറഞ്ഞതെല്ലാം നുണയെന്ന് തെളിഞ്ഞു. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ് തന്നെ. ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും സ്കൂട്ടറും വാങ്ങി. ബാക്കി പണം ഉപയോഗിച്ച് ആഡംബരജീവിതവും നയിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു.
മാസങ്ങള്‍ക്ക് മുന്‍പ് ദിയ കൃഷ്ണ പറഞ്ഞ രീതിയില്‍ ദിയയുടെ ഫാന്‍സി ആഭരണ കടയില്‍ നിന്ന് പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വില്‍പ്പനയുടെ പണം ഇവരുടെ ക്യൂ ആര്‍ കോഡിലേക്ക് വാങ്ങിയെടുക്കുകയായിരുന്നു. അതിനിടെ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസില്‍ അന്വേഷണം തുടരുകയാണ്.