• ‘ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കട്ടെ’
  • ‘ഞാന്‍ അവരോട് പണം വാങ്ങണം എന്നാവശ്യപ്പെട്ടതിന്റെ തെളിവ് കൊണ്ടുവരട്ടെ’
  • ‘അവര്‍ തെറ്റുസമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്റെ കൈവശമുണ്ട്’

ജീവനക്കാര്‍ നടത്തിയ തട്ടിപ്പിന് തെളിവുണ്ടെന്നും ഉത്തരംമുട്ടിയപ്പോള്‍ ജാതിക്കാര്‍ഡ്  ഇറക്കുകയാണെന്നും ദിയ കൃഷ്ണ. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കട്ടെ. കുറ്റം സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഞാന്‍ അവരോട് പണം വാങ്ങണം എന്നാവശ്യപ്പെട്ടതിന്റെ തെളിവ് കൊണ്ടുവരട്ടെ. അവര്‍ തെറ്റുസമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്റെ കൈവശമുണ്ട്. പരാതിക്കാര്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ തയാറുണ്ടോ?. എ.ടി.എമ്മില്‍നിന്ന് പണം എടുത്ത് എനിക്കുതന്നതിന് തെളിവ് ഹാജരാക്കട്ടെയെന്നും ദിയ കൃഷ്ണ. 

നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതിയുമായാണ് മകള്‍ ദിയയുടെ കടയിലെ വനിതാജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയി, ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചു. ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് തങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയത്. ടാക്സ് പ്രശ്നമുളളതുകൊണ്ടാണ് നിങ്ങളുടെ അക്കൗണ്ട് കൊടുക്കുന്നതെന്ന് ദിയ പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചു, അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്നും പറഞ്ഞെന്ന് ജീവനക്കാര്‍ വിശദീകരിക്കുന്നു. 

Read Also: ‘2000 രൂപ കിട്ടിയാൽ ഞങ്ങൾ മൂന്ന് പേരും കൂടിയാ ഷെയര്‍ ചെയ്യാറ്, ഒരുപാടൊന്നും എടുത്തിട്ടില്ല’; ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍

69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്നാണ് കൃഷ്ണകുമാര്‍ പറയന്നത്. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

അതിനിടെ, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‍റെ തെളിവുകള്‍ കൃഷ്ണകുമാര്‍ പുറത്തുവിട്ടു. ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‍റെ തെളിവുകളാണെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്‍റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വിഡിയോയില്‍ കാണാം. തട്ടിപ്പില്‍നിന്ന് ലഭിച്ച പണം തങ്ങള്‍ വീതിച്ചെടുത്തുവെന്ന് വിഡിയോയില്‍ ജീവനക്കാരികളില്‍ ഒരാള്‍ സമ്മതിക്കുന്നു. 2000 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതമെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മയില്ലെന്നും കൃഷ്ണകുമാര്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

Read Also: തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്

അതേ സമയം തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിയ കൃഷ്ണയുടെ വെളിപ്പെടുത്തൽ.

ENGLISH SUMMARY:

Diya Krishna Kumar states that she has evidence of fraud committed by the employees, and that they are playing the 'caste card' when cornered. She challenges them to produce evidence for the allegations they are raising. She claims to have visuals of them admitting to their wrongdoing. Diya challenges them to bring proof that she asked them to receive money. She also asks if the complainants are ready to submit their bank statements and produce evidence of withdrawing money from ATMs and giving it to her.