കാമുകനൊപ്പം ഒളിച്ചോടാന്‍ മധ്യവയസ്കനെ കൊന്ന് സ്വന്തം മരണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ക്രൂര ശ്രമം. ഗുജറാത്തിലെ പഠാന് ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ 22 കാരി ഗീത അഹിറും കാമുകന് ഭരത് അഹിറും (21) അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് ജഖോത്ര ഗ്രാമത്തില്‍ നിന്നും ഗീതയെ കാണാതാവുന്നതും ഗ്രാമത്തിലെ കുളത്തിനരികെ കത്തികരിഞ്ഞൊരു മൃതദേഹം കണ്ടെത്തുന്നതും.
ഭര്‍ത്താവും കുടുംബവും ഗീതയെ തിരയുന്നതിനിടെയാണ് പകുതി വെന്ത മൃതദേഹം ഗ്രാമത്തിലെ കുളത്തിന് സമീപത്തു നിന്ന് ലഭിച്ചത്. മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച സാരിയും വെള്ളി പാദസരവും ഗീതയുടെതായതിനാല് കുടുംബം മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് കണ്ടെത്തി. വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിപ്രാല ഗ്രാമത്തിലുള്ളൊരു വ്യക്തി മൃതദേഹം തിരിച്ചറിഞ്ഞു. വൗവ ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന തന്റെ സഹോദരൻ ഹർജി ഭായ് സോളന്‍കിയുടെതാണെന്ന് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസിന് തുമ്പുണ്ടായിരുന്നത്. ഹര്‍ജിയുടെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത സന്തൽപുര് പോലിസ് സ്റ്റേഷനില്‍ തന്നെയാണ് ഗീതയുടെ തിരോധനക്കേസും രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഗീതയും ഭരതും പ്രണയത്തിലായിരുന്നെന്ന് വിവരം ലഭിച്ചു.
ഭരതിനെയും കാണാനില്ലെന്ന വിവരം ലഭിച്ചതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പുലര്‍ച്ചെ നാല് മണിയോടെ പലന്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതായി കണ്ടെത്തി. പിന്നാലെ എത്തിയ പഠാന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജസ്ഥാനിലെ ജോദ്പൂരിലേക്ക് പോകാനുള്ള ടിക്കറ്റും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഹര്‍ജിയുടെ മൃതദേഹത്തില്‍ എങ്ങനെ ഗീതയുടെ പാദസരവും സാരിയും എത്തിയെന്ന ചോദ്യത്തില്‍ നിന്നാണ് ദാരുണ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.
താന്‍ മരിച്ചതായി കഥ പ്രചരിപ്പിക്കാന്‍ ദിവസങ്ങളായി ഗീതയും ഭരതും ഒരു മൃതദേഹം തേടി നടക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നല്കി. കൊലപാതകം പ്ലാന്‍ ചെയ്യാന്‍ ഇരുവരും ദൃശ്യം സിനിമയുടെ രണ്ടുഭാഗങ്ങളും കണ്ടിരുന്നുവെന്നും പഠാന് എസ്പി വികെ ന്യായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മേയ് 26 ന് ഭരത് സോളന്‍കിയെ കാണുകയും ബൈക്കില്‍ ലിഫ്റ്റ് നല്കയും ചെയ്തു. ഹര്‍ജിയെ നേരത്തെ പ്ലാന്‍ സ്ഥലത്തെ എത്തിക്കുകയും കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. മൃതദേഹം സൂക്ഷിച്ച ശേഷം ചൊവ്വാഴ്ച പിന്നീട് മൃതദേഹം കുളത്തിന് അരിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിയ സമയം ഗീത വീട്ടില്‍ നിന്നും ഇറങ്ങി പെട്രോളുമായി കുളത്തിന് അരികെത്തി. പിന്നീട് ഭരതിന്റെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് തെറ്റിദ്ധരിപ്പിക്കാന്‍ മൃതദേഹത്തിന് സമീപം സാരിയും പാദസരവും ഉപേക്ഷിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.