ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യഭാഗത്ത് ലോഹദണ്ഡ് കടത്തി ക്രൂരത. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പൊലീസിനു നേരെ കടുത്ത പ്രതിഷേധമുയര്‍ത്തി. വ്യാപകമായ തിരച്ചിലിനൊടുവില്‍ 35കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദഹോഡ് സ്വദേശികളായ കുടുംബം അത്കോട്ടിലെ കൃഷിയിടത്തിലെ ജോലിക്കാരായിരുന്നു. ഡിസംബര്‍ നാലിനാണ് സംഭവം. മാതാപിതാക്കള്‍ ജോലി ചെയ്യുന്ന കൃഷിയിടത്തോട് ചേര്‍ന്നുള്ള ഭാഗത്ത് ആറുവയസുകാരി കളിക്കുന്നതിനിടെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ വാ പൊത്തിപ്പിടിച്ച് കൊണ്ടുപോയതോടെ സംഭവം മറ്റാരും അറിഞ്ഞില്ല. കുഞ്ഞിനെ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ശ്രമിക്കുന്നതിനിടെ കുട്ടി ഉച്ചത്തില്‍ ബഹളം വയ്ക്കുകയും കരയുകയും ചെയ്തു. കുട്ടി പീഡനം ചെറുത്തതോടെ ഇയാള്‍ ഒരു ലോഹ ദണ്ഡ് കുഞ്ഞിന്‍റെ സ്വകാര്യഭാഗത്തേക്ക് തള്ളിക്കയറ്റി. ഇതോടെ കടുത്തരക്തസ്രാവമുണ്ടാവുകയും ഇയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
തിരച്ചില്‍ നടത്തിയ മാതാപിതാക്കളാണ് കുട്ടി ആളൊഴിഞ്ഞ ഭാഗത്ത് വീണുകിടക്കുന്നത് കണ്ടത്. രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ ഉടന്‍ തന്നെ രാജ്കോട്ട് ജന്നാ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത മൂന്നുനാലു ദിവസത്തിനിടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നാട്ടുകാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തുകയും പ്രതിയെന്ന് സംശയിക്കുന്ന ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്കോട്ട് റൂറല്‍ പൊലീസ് സൂപ്രണ്ട് വിജയസിങ് ഗുര്‍ജാറിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. ഏകദേശം നൂറോളം പേരെ ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിലായവരില്‍ നിന്ന് കുട്ടി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മധ്യപ്രദേശിലെ അലിരാജ്പൂര്‍ സ്വദേശിയായ രാംസിങ് തേരാസിങ് ദാദ്വേജാറാണ് പിടിയിലായത്. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറയുന്നു. സംഭവം നടന്നതിന് തൊട്ടടുത്ത മേഖലയില്‍ നിന്നുതന്നെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.