വിവാഹം കഴിഞ്ഞിട്ട് നാലു മാസം മാത്രം,ആ വീട്ടില്‍ അമ്രീൻ ജഹാൻ എന്ന ഇരുപത്തിമൂന്ന്കാരി അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനം. മരണകാരണം വിഡിയോയിൽ റെക്കോർഡ് ചെയ്ത ശേഷം ജീവിതം അവസാനിപ്പിച്ചു. യുപി മൊറാദാബാ സ്വദേശിയായ അമ്രീൻ ജഹാൻ ആണ് മരിച്ചത്. ഭർത്താവ്, ഭർതൃപിതാവും,സഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വിഡിയോയിൽ പറയുന്നു.
താൻ വളരെ അസ്വസ്ഥയാണെന്നും ഗർഭം അലസിയതിനു ശേഷം ഭർതൃവീട്ടുകാർ തന്നെ ഉപദ്രവിച്ചിരുന്നതായും യുവതി വിഡിയോയിൽ ആരോപിക്കുന്നു. ‘ചിലപ്പോൾ അവർ എന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ച് എന്നോട് എന്തെങ്കിലും പറയും. ചിലപ്പോൾ എന്‍റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. എന്‍റെ ഭർത്താവിന്‍റെ സഹോദരി ഖദീജയും, ഭർതൃപിതാവ് ഷാഹിദും എന്റെ മരണത്തിന് ഉത്തരവാദികളാണ്. എന്‍റെ ഭർത്താവും ഭാഗികമായി ഉത്തരവാദിയാണ്. പോയി മരിച്ചുകൂടെ എന്നാണ് ഭർത്താവ് ചോദിക്കുന്നത്. എന്‍റെ ഭർത്താവിന്റെ സഹോദരിയും പിതാവും ഇക്കാര്യം തന്നെ ചോദിക്കുന്നു.
എന്റെ ചികിത്സയ്ക്ക് ഭർത്താവിന്റെ വീട്ടുകാർ പണം നൽകിയിരുന്നു. ചെലവഴിച്ച പണം തിരികെ നൽകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് എങ്ങനെ ചെയ്യും? മരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴുള്ളതിനേക്കാൾ ഞാൻ സ്വസ്ഥയായിരിക്കും’ – മരണത്തിനു മുൻപായി യുവതി പറഞ്ഞു. ഭർത്താവിനും കുടുംബത്തിനും എതിരെ അമ്രീന്റെ പിതാവ് സലിം പൊലീസിൽ പരാതി നൽകി.