Image Credit: Screen Grab From Crime Talk (Youtube)
രഹസ്യ ബന്ധം പുറത്തായതിന് പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തിലാണ് സംഭവം. ധീരേന്ദ്ര പാസിയുടെ കൊലപാതകത്തില്‍ ഭാര്യ റീനയും കാമുകന്‍ സതീശും അറസ്റ്റിലായി. മേയ് 11 ന് രാത്രി വീട്ടിലായിരുന്നു കൊലപാതകം നടന്നത്.
റീനയും അനന്തരവനായ സതീഷും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. ധീരേന്ദ്ര ഇക്കാര്യം അറിയുകയും ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ധീരേന്ദ്ര വീട്ടില്‍ ക്യാമറ സ്ഥാപിക്കുമോ എന്ന ഭയത്തിലാണ് കാമുകനുമൊത്ത് റീന കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 11 ന് വീടിന് പിന്നിലെ കട്ടിലിലാണ് ധീരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
റീനയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍റെ മകനാണ് സതീഷ്. ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധം അറിഞ്ഞതിന് പിന്നാലെ ധീരേന്ദ്ര വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ധീരേന്ദ്ര പദ്ധതിയിട്ടിരുന്നു. ഗോതമ്പ് വിറ്റ തുകയില്‍ നിന്നും ധീരേന്ദ്ര 25,000 രൂപ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ മാറ്റിവച്ചു. ഇതറിഞ്ഞാണ് റീന കൊലപാതകം പ്ലാന്‍ ചെയ്തത്.
മേയ് 10 ന് രാത്രി ഭക്ഷണത്തില്‍ ഉറക്കുഗുളിക നല്‍കി മയക്കി ശേഷമാണ് കൊലപാതകം. ചൂടു കാരണം പുറത്താണ് കട്ടിലിട്ടിരുന്നത്. ബോധം പോയതോടെ സതീഷിനെ വിളിച്ചു വരുത്തി മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ക്രൂരകൃത്യം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാനും ശ്രമമുണ്ടായി. രണ്ടാഴ്ച മുന്നെ ധീരേന്ദ്രയും മറ്റു ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇവരാകാം കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു റീന പൊലീസിനെ ധരിപ്പിച്ചത്.
എന്നാല്‍ വീട്ടിലെ ബാത്ത്റൂമില്‍ നിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടെത്തിയതാണ് പൊലീസിന് കേസില്‍ തുമ്പുണ്ടാക്കിയത്. ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതും ബന്ധപ്പെടുത്തിയുള്ള ചോദ്യം ചെയ്യലില്‍ റീന കുറ്റം സമ്മതിച്ചത്. മണിക്കൂറുകളോളം റീനയും സതീഷും ഫോണില്‍ സംസാരിച്ചിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദിവസം 60-100 ഇടയില്‍ ഫോണ്‍ കോളുകളാണ് ഇരുവരും തമ്മിലുള്ളത്.
സതീഷ് സ്വന്തം പേരില്‍ രണ്ട് സിം കാര്‍ഡ് വാങ്ങിയിരുന്നു. ഒന്ന് സ്വന്തം കയ്യില്‍ വച്ച ശേഷം മറ്റൊന്ന് റീനയ്ക്ക് കൈമാറി. ഇരുവരുടെയും ഫോണില്‍ നിന്നും അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.