image: X
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലാക്കി ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ശ്രാവസ്തി സ്വദേശിയായ സെയ്ഫുദ്ദീനാണ് പിടിയിലായത്. ഭാര്യ സബീനയെ ലക്നൗവിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് സെയ്ഫുദ്ദീന്‍ കൃത്യം നിര്‍വഹിച്ചത്. സബീനയെ കൊന്ന ശേഷം മൃതദേഹം സെയ്ഫുദ്ദീന്‍ വെട്ടി നുറുക്കി ശ്രാവസ്തിയുടെ പത്തുകിലോമീറ്ററിനുള്ളിലെ പല സ്ഥലങ്ങളിലായി വിതറി.കുറച്ച് കനാലിലും ഉപേക്ഷിച്ചു.
മേയ് 14ന് സബീനയുടെ സഹോദരന്‍ സലാഹുദ്ദീന്‍ ഫോണില്‍ വിളിച്ചതാണ് കൊലപാതക വിവരം പുറത്തുവരാന്‍ കാരണമായത്. സബീനയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലായിരുന്നു. സംശയം തോന്നിയ സലാഹുദ്ദീന്‍ സബീനയുടെ വീട്ടിലേക്ക് എത്തി. അപ്പോഴാണ് സബീനയെ കൂട്ടി സെയ്ഫുദ്ദീന്‍ ലക്നൗവിലേക്ക് പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. വൈകുന്നേരം സെയ്ഫുദ്ദീന്‍ മടങ്ങിയെത്തിയതോടെ സലാഹുദ്ദീന്‍ തന്‍റെ സഹോദരി എവിടെയെന്ന് ചോദിച്ചു. സെയ്ഫുദ്ദീന്‍റെ മറുപടിയില്‍ സംശയം തോന്നിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സെയ്ഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും തുടക്കത്തില്‍ വിവരമൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായ രണ്ടുദിവസം ചോദ്യം ചെയ്യല്‍ നീണ്ടതോടെ ക്രൂരകൊലപാതം ചെയ്തതായി സെയ്ഫുദ്ദീന്‍ സമ്മതിച്ചു. സബീനയുടെ കൈ താന്‍ കത്തിച്ചുകളഞ്ഞുവെന്നും സമീപത്തെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി. തിരഞ്ഞെത്തിയ പൊലീസ് കൈയുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്നും വീണ്ടെടുത്തു.ഇതോടെ സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.