തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കെലക്കേസില്‍ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 15 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ് കോടതി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൃത്യമായ ആസൂത്രണം നടത്തിയാണ് കേഡല്‍ കൊന്നുകളഞ്ഞത്. കൊല ചെയ്യാനുള്ള മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ പ്രതി കൊലയ്ക്ക് തക്കം പാര്‍ത്തിരുന്നു. ആദ്യം പിടഞ്ഞുതീര്‍ന്ന് അമ്മ. പിന്നെ അച്ഛനും സഹോദരിയും ബന്ധുവും. അരുംകൊലകള്‍ക്കു ശേഷം അത് പരീക്ഷണത്തിന്‍റെ ഭാഗമാണെന്നു വരെ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച കേഡല്‍ തെളിവുകള്‍ക്കു മുന്നില്‍ മുട്ടുമടക്കി. READ MORE; സോംബി ഗോ ബൂമില്‍ പഠനം; ഡമ്മിയിട്ട് പരിശീലനം; ഉറ്റവരെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെ
അച്ഛനോടുള്ള കൊടുംപകയാണ് കുടുംബത്തെ മുഴുവന്‍ കൊന്നുകത്തിക്കാന്‍ കേഡലിനെ പ്രേരിപ്പിച്ചത്. വീട്ടിലെല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. കേഡലാകട്ടെ പ്ലസ് ടുവിന് ശേഷം ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ പഠനത്തിനുപോയെങ്കിലും പൂര്‍ത്തിയാക്കിയില്ല. കംപ്യൂട്ടര്‍ പഠനത്തിലേക്ക് തിരിഞ്ഞു. പ്രൊഫസറായിരുന്ന കേഡലിന്‍റെ അച്ഛന്‍ രാജത്തങ്കത്തിന് ഇതിലൊക്കെ എതിര്‍പ്പുണ്ടായിരുന്നു. കേഡലിന്‍റെ അദ്ദേഹം ശകാരിക്കുന്നതും പതിവായി. ഇതാണ് പകയ്ക്ക് കാരണം.
അച്ഛനെ കൊല്ലനാണ് മനസ്സിലുറപ്പിച്ചിരുന്നതെങ്കിലും എല്ലാവരെയും തീര്‍ക്കാനായി പദ്ധതി. ആദ്യം അമ്മ ഡോ. ജീന്‍ പദ്മത്തെയാണ് കേഡല്‍ വകവരുത്തിയത്. താന്‍ നിര്‍മിച്ച വീഡിയോ ഗെയിം കാണിക്കാമെന്നു പറഞ്ഞ് അമ്മയെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തി. മഴുകൊണ്ട് തലയ്ക്കുപുറകില്‍ വെട്ടിയാണ് അമ്മയെ കൊന്നത്. അന്ന് വൈകീട്ട് അച്ഛനേയും സഹോദരിയേയും അമ്മയെ കൊന്നതുപോലെ തന്നെ വകവരുത്തി. മൃതദേഹങ്ങളെല്ലാം മുറിയില്‍ സൂക്ഷിച്ചു. READ MORE; രണ്ട് പൊറോട്ടയും ഡബിള്‍ ഓംലെറ്റും; കൂസലില്ലാതെ കേഡല്‍ ജീന്‍സണ്‍ രാജ
കേഡലിന്‍റെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ ലളിതയും ജോലിക്കാരിയും ഇവരെപ്പറ്റി കേഡലിനോട് അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ കന്യാകുമാരിക്ക് ടൂര്‍ പോയി എന്ന് കേഡല്‍ നുണ പറഞ്ഞു. മാതാപിതാക്കളെയും സഹോദരിയെയും കൊന്നതിന്‍റെ രണ്ടാംനാള്‍ കേഡല്‍ ലളിതയെയും കൊന്നു. അമ്മ ഫോണ്‍ വിളിക്കുന്നു എന്നുപറഞ്ഞ് ലളിതയെ കിടപ്പുമുറിയില്‍ എത്തിച്ച് മഴുകൊണ്ട് വകവരുത്തുകയായിരുന്നു. മൂന്നാംനാള്‍ മൃതദേഹങ്ങള്‍ കത്തിക്കാന്‍ കേഡല്‍ ശ്രമിച്ചു. ചെറുതായി പൊള്ളലേറ്റപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. അടുത്തദിവസം രാത്രിയില്‍ വീണ്ടും മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. അതിനിടെ തീ പടരുന്നത് കണ്ട് അയല്‍ക്കാര്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഇതിനിടെ കേഡല്‍ ചെന്നൈയ്ക്ക് കടന്നു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയത്തെളിവുകള്‍ മാത്രമാണ് അന്വേഷണസംഘത്തിന് പിടിവള്ളിയായത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നായിരുന്നു കേസില്‍ പ്രതിഭാഗത്തിന്‍റെ വാദം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍റെ പരീക്ഷണമായിരുന്നു കൊലയെന്നൊക്കെ പറഞ്ഞ് കേഡല്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും കുടുങ്ങി. സോംബി ഗോ ബൂം എന്ന വീഡിയോയാണ് കൊല ചെയ്ത രീതിക്കായി പ്രതി തിരഞ്ഞെടുത്തതെന്ന് കണ്ടെത്തു. മഴു കൊണ്ട് കഴുത്തിന് പിന്നില്‍ വെട്ടിക്കൊലപ്പെടുത്തുന്നത് വിശദീകരിക്കുന്നതാണ് ഈ വീഡിയോ.
പുറത്ത് കടയില്‍ നിന്ന് വാങ്ങിയാല്‍ സംശയം തോന്നുമെന്ന് കരുതി ഓണ്‍ലൈനില്‍ മഴു വാങ്ങി. അത് കയ്യില്‍ കിട്ടിയതോടെ വെട്ടിക്കൊലപ്പെടുത്താനുള്ള പരിശീലനമായിരുന്നു അടുത്ത ഘട്ടം. പരിശീലനത്തിനായി ഡമ്മി സ്വന്തമായി തയാറാക്കി. സ്വന്തം മുറിയില്‍ ഡമ്മി സൂക്ഷിച്ച കേഡല്‍ അതില്‍ വെട്ടി പലതവണ പരിശീലിച്ചു. കൊലയ്ക്ക് ശേഷം സ്വന്തം ഡമ്മിയുണ്ടാക്കി വീട്ടിലിട്ട കേഡല്‍ തീപിടിത്തത്തില്‍ താനും കൊല്ലപ്പെട്ടെന്നു വരെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെല്ലാമുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കണ്ടെത്തി കേഡലിനെ പൂട്ടി.