തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളടക്കം നാല് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍റെ പരീക്ഷണമായിരുന്നുവെന്നൊക്കെ പറഞ്ഞാണ് കേഡല്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകളെന്ന് കോടതി തിരിച്ചറിഞ്ഞു. READ MORE; രണ്ട് പൊറോട്ടയും ഡബിള്‍ ഓംലെറ്റും; കൂസലില്ലാതെ കേഡല്‍ ജീന്‍സണ്‍ രാജ
പൊലീസ് കണ്ടെത്തിയ കേഡലിന്‍റെ ഒരുക്കങ്ങള്‍ ഇങ്ങനെയായിരുന്നു; അച്ഛനെയും അമ്മയേയും സഹോദരിയേയും ബന്ധുവിനെയും കൊല്ലാന്‍ കേഡല്‍ പെട്ടന്ന് ഒരു ദിവസം തീരുമാനിച്ചതല്ല. അച്ഛനോടുള്ള പക കാരണം ആലോചിച്ച് ആസൂത്രണം ചെയ്തതാണ്. ഏറ്റവും ആദ്യം കൊല്ലാനുള്ള വഴി തിരഞ്ഞെടുക്കുകയായിരുന്നു കേഡലിന്‍റെ രീതി. അതിനായി സ്വന്തം മുറിയില്‍ ഒറ്റക്കിരുന്ന് ലാപ്ടോപില്‍ ഒട്ടേറെ വീഡിയോകള്‍ കണ്ടു. അതില്‍ കേഡല്‍ തിരഞ്ഞെടുത്തത് സോംബി ഗോ ബൂം എന്ന വീഡിയോയാണ്. മഴു കൊണ്ട് കഴുത്തിന് പിന്നില്‍ വെട്ടിക്കൊലപ്പെടുത്തുന്നത് വിശദീകരിക്കുന്നതാണ് ഈ വീഡിയോ.
അങ്ങനെയാണ് അച്ഛനേയും അമ്മയേയുമൊക്കെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ കേഡല്‍ തീരുമാനിക്കുന്നത്. അതിനായി മഴു കരസ്ഥമാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. പുറത്ത് കടയില്‍ നിന്ന് വാങ്ങിയാല്‍ സംശയം തോന്നുമെന്ന് കരുതി ഓണ്‍ലൈനില്‍ മഴു വാങ്ങി. അത് കയ്യില്‍ കിട്ടിയതോടെ വെട്ടിക്കൊലപ്പെടുത്താനുള്ള പരിശീലനമായിരുന്നു അടുത്ത ഘട്ടം. പരിശീലനത്തിനായി ഡമ്മി സ്വന്തമായി തയാറാക്കി. സ്വന്തം മുറിയില്‍ ഡമ്മി സൂക്ഷിച്ച കേഡല്‍ അതില്‍ വെട്ടി പലതവണ പരിശീലിച്ചു. അങ്ങിനെയാണ് കൊല്ലാനുള്ള പദ്ധതി ഉറപ്പിച്ചത്. READ MORE; നന്തന്‍കോട് കൂട്ടക്കൊല; കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം
അടുത്തത് അവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു. അച്ഛനും സഹോദരിയും പുറത്തുപോയ സമയമാണ് അമ്മയയെ കൊല്ലാന്‍ തിരഞ്ഞെടുത്തത്. വീഡിയോ ഗെയിം കാണിച്ച് തരാമെന്ന് പറഞ്ഞ് അമ്മയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം അവിടെ തന്നെ സൂക്ഷിച്ചു. കൊലയ്ക്ക് ശേഷം ആ മുറിയില്‍ തന്നെ കഴിഞ്ഞു. അച്ഛനും സഹോദരിയും തിരികെ വന്നപ്പോള്‍ അമ്മ പുറത്തുപോയിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. അതിന് ശേഷം അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് അച്ഛനെയും വൈകിട്ടോടെ സഹോദരിയേയും ഇതുപോലെ മുറിയില്‍ കൂട്ടിക്കൊണ്ടുപോവുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ഏറ്റവും ഒടുവിലാണ് ആന്‍റിയെന്ന് വിളിക്കുന്ന ബന്ധുവായ ലളിതയെ കൊല്ലുന്നത്.