അച്ഛനും അമ്മയും സഹോദരിയും ആന്‍റിയുമടക്കം നാല് പേരെ വെട്ടിക്കൊന്ന് കത്തിച്ച കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് 26 വര്‍ഷത്തിലേറെ നീളുന്ന ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കേഡലിന് മാനസിക ആരോഗ്യ പ്രശ്നമെന്നും ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനെന്നുമൊക്കെയുള്ള കേഡലിന്‍റെ വാദങ്ങള്‍ തള്ളിയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവിന്‍റെ വിധി. വിധി വന്നതോടെ നിലവില്‍ 32 കാരനായ കേഡല്‍ ഏറ്റവും കൂറഞ്ഞത് 50 വയസ് വരെയെങ്കിലും തടവറക്കുള്ളിലായിരിക്കുമെന്ന് വ്യക്തമായി.
എങ്കിലും കാര്യമായ കൂസലൊന്നുമില്ലാതെയാണ് കേഡല്‍ കോടതിയില്‍ നിന്ന് മടങ്ങിയത്. മാത്രവുമല്ല വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുവരുന്ന ദിവസങ്ങളിലും യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു കേഡലിന്‍റെ പെരുമാറ്റങ്ങള്‍. എല്ലാ ദിവസവും വിചാരണ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പൊലീസുകാര്‍ക്കൊപ്പം വഞ്ചിയൂര്‍ കോടതിക്ക് സമീപത്തെ കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറും. രണ്ട് പൊറോട്ടയും ഡബിള്‍ ഓംലെറ്റും മുട്ടക്കറിയുടെ ഗ്രേവിയുമാണ് കേഡലിന്‍റെ പതിവ്. കൂടെയുള്ള പൊലീസുകാര്‍ ചായ മാത്രം കുടിച്ച് മടങ്ങാന്‍ ഒരുങ്ങിയാലും കേഡല്‍ പൊറോട്ട കഴിക്കാതെ മടങ്ങാറില്ല. ഭക്ഷണം കൊടുക്കുന്നവരോടോ ഹോട്ടലുകാരോടോ കൂടെയുള്ള പൊലീസുകാരോടോ അധികം സംസാരിക്കാറില്ല.
കൊല നടത്തിയ സമയത്ത് മുടിയൊക്കെ നീട്ടി വളര്‍ത്തിയ രൂപമാണെങ്കില്‍ ജയിലില്‍ കേഡല്‍ ആകെ മാറി. ഇപ്പോള്‍ മുടിയൊക്കെ വെട്ടി, ചീകിയൊതുക്കിയാണ് പുറത്തിറങ്ങുന്നത്. 65 ദിവസം വിചാരണ നീണ്ടിരുന്നു. ഇതില്‍ മിക്കദിവസവും കേഡല്‍ കോടതിയിലെത്തുകയും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇനി ജീവിതം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. അതുകൊണ്ട് ഹോട്ടല്‍ പൊറോട്ടയും ഡബിള്‍ ഓംലെറ്റും കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടും.