തിരുവനന്തപുരം നന്തന്‍കോട് കുടുംബത്തിലെ നാലുപേരെ അരുംകൊല ചെയ്ത കേസില്‍ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 15 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. കൊല്ലപ്പെട്ട നാലുപേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതമെന്ന കണക്കിലാണ് പിഴത്തുക കണക്കാക്കിയിരിക്കുന്നത്. തെളിവു നശിപ്പിച്ചതിന് (സെക്ഷന്‍ 201) 5 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, തീവയ്പ്പിന് (സെക്ഷന്‍ 436) 7 വര്‍ഷം തടവും രണ്ടുലക്ഷം രൂപയുമാണ് ശിക്ഷ. പിഴത്തുക പ്രതിയുടെ അമ്മാവനായ ജോസിന് നല്‍കണമെന്നും കോടതി വിധിച്ചു.
തൃപ്തികരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. 26 വര്‍ഷത്തോളം ശിക്ഷ കേഡല്‍ അനുഭവിക്കേണ്ടി വരും. 12 വര്‍ഷത്തെ കഠിന തടവിന് പിന്നാലെ ജീവപര്യന്തം തടവ് അനുഭവിക്കണം. 2017 ഏപ്രില്‍ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കേഡല്‍ കുടുംബാംഗങ്ങളെയും ബന്ധുവായ സ്ത്രീയെയും വകവരുത്തിയത്. ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു ആദ്യ മൊഴി. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേഡല്‍ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.
മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറി. ജീവിത സാഹചര്യങ്ങളും ഇതിനു കാരണമായി. കുടുംബത്തിലെ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാൽ പ്ലസ് ടു മാത്രം പാസായ കേഡലിനു വിദേശ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ പിതാവിൽ നിന്നും അവഗണന നേരിട്ടിരുന്നു. അതിനാൽ പിതാവിനോടു കടുത്ത വിരോധമായിരുന്നു. പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. മൂന്നു മാസമായി പദ്ധതി തയാറാക്കി. മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോഴാണ് ഇതു വ്യക്തമായതെന്നും പൊലീസ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.