ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളായി ബലാല്‍സംഗം ചെയ്തുകൊണ്ടിരുന്ന ഭര്‍ത്താവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് ഭാര്യ. തന്റെ പത്തുവയസുകാരിയായ മകളെ രണ്ടാം ഭര്‍ത്താവ് നാല് വര്‍ഷമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഇയാളെ മര്‍ദിച്ച് ഭാര്യ പൊലീസില്‍ ഏല്‍പ്പിക്കുന്നത്.
സംഭവം പൊലീസില്‍ അറയിച്ചാല്‍ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും യുവതി പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുപക്ഷേ താന്‍ ഇക്കാര്യം അവഗണിച്ച് അയാളെ വെറുതേവിട്ടാല്‍ മറ്റ് പെണ്‍കുട്ടികളെയും അയാള്‍ ലക്ഷ്യമിട്ടേക്കാം എന്നും യുവതി പറഞ്ഞതായി റെസ്ക്യൂ ഹെൽപ്പ്ലൈനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ച യുവതി തനിക്കും തന്റെ മകള്‍ക്കും പുതിയൊരു ജീവിതം ലഭിക്കുമെന്ന് കരുതിയാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് അഭയം 181 റെസ്ക്യൂ ഹെൽപ്പ്ലൈനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലുണ്ട്.
ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ ഇളയ സഹോദരിയിലൂടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. പിന്നാലെ യുവതി മകളെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. യുവതി ജോലിക്കുപോയിരുന്ന സന്ദര്‍ഭങ്ങളിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുകൊണ്ടിരുന്നത്. പുറത്തുപറഞ്ഞാല്‍ അമ്മയെയും സഹോദരിയേയും ഇല്ലാതാക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇയാള്‍ പതിവായി ഭാര്യയെ മര്‍ദിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളില്‍ ഭയം വളര്‍ത്തിയെടുക്കാനായിരുന്നു ഇത്. രോഷവും സങ്കടവും സഹിക്കാനാകാതെ യുവതി അയാളെ പൊതിരെ തല്ലുകയും റെസ്ക്യൂ ഹെൽപ്പ്ലൈനില് വിളിച്ച് സംഭവം അറിയിക്കുകയുമായിരുന്നു. അമ്മയുടെ പരാതിയെത്തുടർന്ന് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.